വൈപ്പിന്‍: ഭാര്യക്കും ഒന്നര വയസായ കുട്ടിക്കുമൊപ്പം ജീപ്പില്‍ ഇന്ധനം നിറക്കാന്‍ പെട്രോള്‍ പമ്പിലെത്തിയ കുടുംബത്തെ ആക്രമിച്ച കേസില്‍ പ്രതികളുടെ ചിത്രം സഹിതം തെളിവ് നല്‍കിയിട്ടും പ്രതികളെ പിടികൂടാനാകാതെ പോലീസ്. മാതൃഭൂമി ഇവന്റ് മാനേജ്മെന്റ് വിഭാഗമായ റെഡ് മൈക്ക് ജീവനക്കാരന് വല്ലാര്‍പാടം പള്ളിയാക്കല്‍ നിഖില്‍ ജോസിനെ(26)യും കുടുംബത്തെയുമാണ് ആക്രമിച്ചു പരിക്കേല്‍പ്പിച്ചത്. നായരമ്പലം സ്വദേശികളായ സരുണ്‍, കണ്ണന്, ഇവരുടെ മറ്റൊരു സുഹൃത്ത് എന്നിവരെ പോലീസ് പ്രതികളായി ചേര്‍ത്തിരിക്കുന്നത്. വധശ്രമത്തിനാണ് കേസെടുത്തിട്ടുള്ളത്. മൂവരും ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്.
ഒളിസങ്കേതത്തെക്കുറിച്ച് ഇതുവരെ ഒരു സൂചനയുമില്ല. മൂന്നു പേരുടേയും മൊബൈല്‍ഫോണ്‍ നമ്പര്‍ നിരീക്ഷണത്തിലാണെങ്കിലും സംഭവത്തിനുശേഷം രാത്രി ഓഫ് ചെയ്ത മൊബൈല്‍ പിന്നീട് ഓണ്‍ ചെയ്തിട്ടില്ല. ചൊവ്വാഴ്ച വൈകുന്നേരം എടവനക്കാട് ഇല്ലത്തുപടി പെട്രോള്‍ പമ്പിലായിരുന്നു സംഭവം. കത്തികൊണ്ടുള്ള ആക്രമണത്തില്‍ മുഖത്തും പുറത്തും പരിക്കേറ്റ നിഖില്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ചികിത്സക്കുശേഷം കഴിഞ്ഞ ദിവസം ആശുപത്രി വിട്ടു.