പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജ് കാമ്പസില്‍ സിസിടിവി കാമറകള്‍ സ്ഥാപിക്കുന്നു. മോഷ്ടാക്കളും സമൂഹവിരുദ്ധരും വ്യാപകമായതോടെയാണ് ഇതിന് തടയിടാനായി സിസിടിവി കാമറകള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചത്.പരിയാരം സിഐ കെ.വി.ബാബുവും പ്രിന്‍സിപ്പല്‍ ഡോ.എന്‍.റോയിയും തമ്മില്‍ ഇത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തിയതിനെ തുടര്‍ന്നാണ് തീരുമാനം.
പ്രിന്‍സിപ്പലിന്റെ പ്രത്യേക ഫണ്ടില്‍ നിന്നാണ് ഇതിനാവശ്യമായ തുക ചെലവഴിക്കുന്നത്. പദ്ധതിയുടെ ടെൻഡര്‍ നടപടികളെല്ലാം പൂര്‍ത്തീകരിച്ചതിനാല്‍ രണ്ടാഴ്ച്ചക്കുള്ളില്‍ തന്നെ കാമറകള്‍ പ്രവര്‍ത്തിച്ചു തുടങ്ങുമെന്ന് പരിയാരം സിഐ കെ.വി.ബാബു അറിയിച്ചു. നിലവില്‍ ആശുപത്രിക്ക് അകത്ത് സിസിടിവി ഉണ്ടെങ്കിലും കാമ്പസിനകത്ത് ഇല്ലാത്തത് കാരണം മോഷണങ്ങളും പിടിച്ചുപറിയും നിത്യസംഭവമായി മാറിയിട്ടുണ്ട്.
മെഡിക്കല്‍ കോളജ് കാമ്പസിന്റെ വിവിധ ഭാഗങ്ങളിലായി 15 കാമറകളാണ് സ്ഥാപിക്കുന്നത്. നിലവില്‍ ആശുപത്രി കെട്ടിടത്തിനകത്തെ കാമറകള്‍ നിയന്ത്രിക്കുന്ന കണ്ട്രോള് റൂമില്‍ തന്നെയായിരിക്കും പുതിയ കാമറകളുടെയും മോണിറ്ററുകള്‍ സജീകരിക്കുക. നാല് ലക്ഷം രൂപയാണ് ചെലവഴിക്കുന്നത്.