ന്യൂഡൽഹി: സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) വരാനിരിക്കുന്ന 10, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷകൾക്കു പരീക്ഷാകേന്ദ്രങ്ങളായി നിശ്ചയിച്ചിട്ടുള്ള സ്കൂളുകളിൽ സിസിടിവി കാമറ നിർബന്ധമാക്കി. 2025ൽ ഇന്ത്യയിലും 26 രാജ്യങ്ങളിലുമായി ഏകദേശം 44 ലക്ഷം വിദ്യാർഥികൾ പങ്കെടുക്കുന്ന പരീക്ഷയിൽ 8,000 പരീക്ഷാകേന്ദ്രങ്ങളുണ്ട്.
പരീക്ഷാ കാലയളവിലുടനീളം ഉയർന്ന റെസല്യൂഷനുള്ള ഫൂട്ടേജ് തുടർച്ചയായി റെക്കോർഡ് ചെയ്യും. സിസിടിവി സ്ഥാപിച്ചതിനെക്കുറിച്ച് വിദ്യാർഥികളെയും സ്റ്റാഫിനെയും അറിയിക്കണം. റെക്കോർഡിംഗുകളുടെ രഹസ്യസ്വഭാവം സംരക്ഷിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണം.
ഫൂട്ടേജ് അംഗീകൃത ഉദ്യോഗസ്ഥർക്ക് മാത്രമേ ആക്സസ് ചെയ്യാനാകൂവെന്നും ഫലപ്രഖ്യാപനത്തിനു ശേഷം രണ്ടു മാസത്തേക്കു ദൃശ്യങ്ങൾ സൂക്ഷിക്കുമെന്നും അധികൃതർ അറിയിച്ചു.