അമിത വേഗതയിൽ സഞ്ചരിച്ച കാറിൽ നിന്നും യുവതിയെ ഭർത്താവും ബന്ധുക്കളും പുറത്തേക്ക് തള്ളിയിട്ടു. കോയമ്പത്തൂരിലാണ് സംഭവം. 38 വയസുകാരിയും രണ്ട് കുട്ടികളുടെ അമ്മയുമായ ആർതി അരുണിനെയാണ് ഭർത്താവും അദ്ദേഹത്തിന്റെ മാതാപിതാക്കളും അപായപ്പെടുത്താൻ ശ്രമിച്ചത്.
എഞ്ചിനീയറായ അരുണ്‍ ജൂഡ് അമൽരാജാണ് ഇവരുടെ ഭർത്താവ്. 2008ൽ വിവാഹിതരായ ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നു. ഇതിൽ മനംമടുത്ത ആർതി ബന്ധം അവസാനിപ്പിച്ച് മുംബൈയിൽ താമസിക്കുന്ന മാതാപിതാക്കളുടെ അടുത്തേക്ക് 2014ൽ മടങ്ങി.
അരുണിനെതിരെ ഇവർ മുംബൈയിൽ കേസ് കൊടുക്കുകയും വിവാഹമോചനത്തിന് ഹർജി സമർപ്പിക്കുകയും ചെയ്തു. തുടർന്ന് അഞ്ച് വർഷം ഇരുവരും പിരിഞ്ഞ് ജീവിക്കുകയായിരുന്നു. പിന്നീട് അരുണിന്റെ അഭ്യർഥന പ്രകാരം ഇവർ അദ്ദേഹത്തോടൊപ്പം താമസിക്കുവാൻ തയാറായി.
പുതിയൊരു കുടുംബജീവിതം തുടങ്ങുവാൻ തീരുമാനിച്ച ഇരുവരും ഒരു തുടക്കമെന്ന നിലയിൽ മക്കൾക്കൊപ്പം ഉൗട്ടിയിൽ വിനോദയാത്രയ്ക്കു പോയി. എന്നാൽ യാത്രക്കിടയിൽ ഇരുവരും തമ്മിൽ വീണ്ടും വഴക്കടിച്ചു. തുടർന്ന് ആർതി ഉൗട്ടി പോലീസ് സ്റ്റേഷനിൽ പരാതി നൽകി പോലീസിന്റെ മധ്യസ്ഥ ചർച്ചയെ തുടർന്ന് അരുണ്‍ ഇനി പ്രശ്നങ്ങളൊന്നും ഉണ്ടാകില്ലെന്ന് ആർതിക്ക് വാക്ക് നൽകി.
തുടർന്ന് ഇരുവരും ഒരുമിച്ച് യാത്ര തുടർന്നു. എന്നാൽ വാഹനം കോയമ്പത്തൂരിൽ എത്തിയപ്പോൾ അരുണ്‍ തന്റെ മാതാപിതാക്കളെയും വാഹനത്തിൽ കയറ്റി. മുൻപ് അരുണിന്റെ മാതാപിതാക്കൾക്കൊപ്പം താമസിക്കില്ലെന്ന് ആർതി അരുണിനോട് ആവശ്യപ്പെട്ടിരുന്നു. അരുണ്‍ അത് സമ്മതിക്കുകയും ചെയ്തിരുന്നു. എന്നാൽ മാതാപിതാക്കളെ വാഹനത്തിൽ കയറ്റിയത് ചോദ്യം ചെയ്ത ആർതിയെ അരുണ്‍ വാഹനത്തിനുള്ളിൽ വച്ച് ഉപദ്രവിച്ചു.
കൂടാതെ, കോയമ്പത്തൂരിലുള്ള സഹോദരിയുടെ വീടിനു മുമ്പിലേക്ക് ആർതിയെ കാറിൽ നിന്നും പുറത്തേക്ക് തള്ളിയിടുകയുമായിരുന്നു. തുടർന്ന് അരുണ്‍ കാറ് ഓടിച്ചു പോകുകയും ചെയ്തു. ആർതിയുടെ തലയ്ക്കും തോളിനും കാൽ മുട്ടിനും പരിക്കേറ്റിരുന്നു.
അരുണിനും അദ്ദേഹത്തിന്റെ മാതാപിതാക്കൾക്കുമെതിരെ പോലീസ് കൊലപാതക ശ്രമത്തിന് കേസ് രജിസ്ട്രർ ചെയ്തിട്ടുണ്ട്. ഇവർ ഇപ്പോൾ ഒളിവിലാണ്. റോഡിലുള്ള സിസിടിവിയിലാണ് ഈ സംഭവത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞിരിക്കുന്നത്.