മുംബൈ: പ്രമുഖ യൂട്യൂബറുടെ വീട്ടിലെ സിസിടിവി ഹാക്ക് ചെയ്ത് നഗ്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ട സംഭവത്തിൽ അന്വേഷണം ശക്തമാക്കി പോലീസ്. മുംബൈയിലെ ബാന്ദ്രയിലെ വീട്ടിലെ കിടപ്പുമുറിയിൽ സ്ഥാപിച്ചിരിക്കുന്ന സിസിടിവി കാമറയാണ് ഹാക്ക് ചെയ്യപ്പെട്ടത്.
സുഹൃത്ത് പറഞ്ഞപ്പോഴാണ് യുവാവ് വിവരം അറിയുന്നത്. തുടർന്ന് യുവാവ് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.
സിസിടിവി കാമറകൾ ഹാക്ക് ചെയ്തത് നവംബർ 17നാണ് എന്നാൽ ഡിസംബർ ഒൻപതിന് നഗ്ന ദൃശ്യങ്ങൾ പ്രചരിച്ചതോടെയാണ് സംഭവം അറിഞ്ഞതെന്ന് യുവാവ് പരാതിയിൽ പറഞ്ഞു. സുഹൃത്ത് വിളിച്ച് താൻ വസ്ത്രം മാറുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നതായി യുവാവിനെ അറിയിക്കുകയായിരുന്നു.
വീഡിയോ പരിശോധിച്ചപ്പോഴാണ് മുറിയിൽ സ്ഥാപിച്ച സിസിടിവി കാമറയിൽ നിന്നാണ് ദൃശ്യങ്ങൾ പുറത്തുവന്നതെന്ന് മനസിലായത്. പെട്ടെന്ന് തന്നെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വൈറലായി.
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുവാവുമായി പരിചയമുള്ള ആരെങ്കിലുമായിരിക്കും സംഭവത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. വ്യാജ സൻസ്റ്റഗ്രാം, ടെലിഗ്രാം അക്കൗണ്ടുകളിലൂടെയാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. ഐപി വിലാസങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണെന്നും പോലീസ് വ്യക്തമാക്കി.