ആലുവ: സ്വകാര്യ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരന്റെ കവിളത്ത് അടിച്ച സംഭവത്തില്‍ യുവതിക്കെതിരേ ആലുവ പോലീസ് കേസെടുത്തു. കളമശേരി കുസാറ്റ് അനന്യ കോളജ് ഹോസ്റ്റല്‍ വാര്‍ഡനായി ജോലിനോക്കുന്ന കണ്ണൂര്‍ സ്വദേശിനി ആര്യ(34) ക്കെതിരേയാണ് കേസെടുത്തത്. ആശുപത്രി അധികൃതരും സെക്യൂരിറ്റി ജീവനക്കാരന്റെ ഏജന്‍സിയും നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
കഴിഞ്ഞ ഒന്നിനാണ് സെക്യൂരിറ്റിയായ ആലപ്പുഴ സ്വദേശി റിങ്കു(26)വിനെ യുവതി മര്‍ദിച്ചത്. ആശുപത്രിയിലെത്തിയ രോഗിക്ക് കൂട്ടുവന്നതായിരുന്നു യുവതി. ഇവരെത്തിയ സ്കൂട്ടർ വലിയ വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ അസൗകര്യമുള്ളതിനാൽ മാറ്റിവയ്പിച്ചിരുന്നു.
പിന്നീടു സ്കൂട്ടർ എടുക്കാനെത്തിയപ്പോഴേക്കും നിരവധി ഇരുചക്രവാഹനങ്ങൾ ഇരുവശവും പാർക്ക് ചെയ്തിരുന്നതിനാൽ യുവതിക്കു സ്കൂട്ടർ എളുപ്പത്തിൽ എടുക്കാനായില്ല. സെക്യൂരിറ്റിക്കാരനാണ് വാഹനം പുറത്തേക്ക് എടുത്തത്.
അശ്രദ്ധയോടെ സ്കൂട്ടർ പുറത്തേക്കെടുത്തെന്ന് ആരോപിച്ച് യുവാവിന്റെ കവിളിൽ യുവതി അടിക്കുകയായിരുന്നു. ആശുപത്രിയുടെ സിസി ടിവി കാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഉള്‍പ്പടെ വൈറലായിരുന്നു. തന്നെ തുറിച്ചുനോക്കിയതിനാണ് മർദിച്ചതെന്ന യുവതിയുടെ വിശദീകരണം പോലീസ് സിസി ടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ തള്ളിക്കളഞ്ഞിരുന്നു.
ഒത്തുതീർപ്പു ശ്രമത്തിന് അഭിഭാഷകനോടൊപ്പം പോലീസ് സ്റ്റേഷനിലെത്തിയ യുവതി സെക്യൂരിറ്റി ജീവനക്കാരനോട് വീണ്ടും മോശമായി പെരുമാറിയതോടെ പരാതിയിൽ ഉറച്ചുനിൽക്കാൻ ഏജന്‍സി തീരുമാനിക്കുകയായിരുന്നു. മര്‍ദിച്ചതിനും അസഭ്യം പറഞ്ഞിനുമാണ് യുവതിക്കെതിരേ കേസെടുത്തിരിക്കുന്നത്.