കളമശ്ശേരി സാമ്ര കൺവൻഷൻ സെന്ററിൽ ഇന്ന് രാവിലെ ഉണ്ടായ സ്ഫോടനത്തിൽ അന്വേഷണം പുരോഗമിക്കവെ ഒരാള്‍ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.
കൺവൻഷൻ സെന്ററിൽ ബോംബ് വെച്ചത് താനാണെന്ന് പറഞ്ഞാണ് ഇയാള്‍ പൊലീസ് സ്റ്റേഷനിലെത്തിയത്. കൊച്ചി സ്വദേശിയാണ് ഇയാള്‍. തൃശൂര്‍ കൊടകര പൊലീസ് സ്റ്റേഷനിലെത്തിയാണ് ഇയാള്‍ കീഴടങ്ങിയത്. പോലീസ് ഇയാളെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.
സംഭവം നടക്കുന്നതിനു തൊട്ട് മുൻപ് ഒരാൾ നീല കാറിൽ അതി വേഗത്തിൽ ഓടിച്ചു പോയിരുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ കാർ പോയ വഴിയിലുള്ള ദൃശ്യങ്ങൾ സ്പെഷ്യൽ ബ്രാഞ്ച് ശേഖരിച്ചു.
അതിന്റെ ഭാഗമായി സ്ഫോടനം നടന്ന സഥലത്ത് നിന്നും കോമ്പാറ വഴി ആലുവയിലേക്ക് പോകുന്ന റൂട്ടിലുള്ള മണലിമുക്ക് എന്ന സ്ഥലത്തെ എവൺ എന്ന സൂപ്പർ മാർക്കറ്റിൽ നിന്ന് സ്പെഷ്യൽ ബ്രാഞ്ച് എത്തി സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു. ഒരു നീല കാർ അതിവേഗത്തിൽ ഇതു വഴി പോകുന്നതു സിസിടിവി ദൃശ്യങ്ങളിൽ കാണാൻ സാധിക്കും.
അതേസമയം സംശയത്തിന്റെ അടിസ്ഥാനത്തിൽ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഒരാളെ കസ്റ്റഡിയിലെടുത്തു. പോലീസും ആര് പി എഫും സംയുക്തമായി നടത്തിയ പരിശോധനക്കിടെയാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്.