കൊച്ചി: ഹോട്ടലുകളിലെ അടുക്കളയിൽ സിസിടിവി കാമറകൾ സ്ഥാപിച്ചു ഭക്ഷണം കഴിക്കാനെത്തുന്നവർക്കു അടുക്കള കാണാനുള്ള സംവിധാനം ഒരുക്കണമെന്നു സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്. ആരോഗ്യവകുപ്പ് സെക്രട്ടറിയും ഭക്ഷ്യസുരക്ഷാ കമ്മീഷണറും ഇതിനാവശ്യമായ നടപടികൾ അടിയന്തരമായി സ്വീകരിക്കണം.
നിലവാരമുള്ള ഭക്ഷണം ലഭിക്കണമെന്നതു ഭരണഘടനാദത്തമായ അവകാശമാണെന്നും കമ്മീഷൻ ആക്ടിംഗ് ചെയർമാൻ പി. മോഹനദാസ് ഉത്തരവിൽ പറഞ്ഞു. ഹോട്ടലുകളിൽനിന്നു വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാനുള്ള ബാധ്യത സർക്കാരിനുണ്ട്. ഉപഭോക്താക്കളുടെ ആരോ ഗ്യത്തിനു ഹാനികരമായി ഹോട്ടൽഭക്ഷണം മാറാതിരിക്കാൻ സർക്കാർ ശ്രദ്ധിക്കണം.
ഭക്ഷണത്തിന്റെ ഗുണനിലവാരം പരിശോധിക്കാൻ സർക്കാർ സാധ്യമായതെല്ലാം ചെയ്യണം. ഇതിനായി റവന്യൂ, ആരോഗ്യ, തദ്ദേശ സ്വയംഭരണ സെക്രട്ടറിമാർ രണ്ടു മാസത്തിനകം നടപടി സ്വീകരിക്കണം. ഭക്ഷ്യസുരക്ഷാ കമ്മീഷണർ സ്വീകരിച്ച നടപടികൾ കമ്മീഷനെ അറിയിക്കണം. ഡോ. സജീവ് ഭാസ്കർ സമർപ്പിച്ച പരാതിയിലാണു നടപടി.