മുളങ്കുന്നത്തുകാവ്: തൃശൂർ ഗവ. എൻജിനീയറിംഗ് കോളജ് ഹോസ്റ്റലിലെ സിസിടിവി കാമറകൾ മോഷ്ടിച്ച സംഭവത്തിൽ നാലു വിദ്യാർത്ഥികളെ വിയ്യൂർ പോലീസ് അറസ്റ്റ് ചെയ്തു. ഇവരെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. അറസ്റ്റിലായ മൂന്നുപേർ ഇതേ ഹോസ്റ്റലിലെ താമസക്കാരാണ്.
കോഴിക്കോട് കക്കോടി സ്വദേശി അതുൽ (21), ഷൊർണൂർ സ്വദേശി ആന്റോ ബാസ്റ്റിൻ (21), കോഴിക്കോട് പറന്പിൽ ബസാർ സ്വദേശി അർജുൻ വി.നായർ, കുന്നമംഗലം സ്വദേശി ഹിജാസ് (22) എന്നിവരെയാണ് വിയ്യൂർ എസ്ഐ ശ്രീജിത്തും സംഘവും അറസ്റ്റ് ചെയ്തത്. ഇതിൽ ആന്റോ കോളജിനു പുറത്തു താമസിക്കുന്നയാളാണ്. രണ്ട്, മൂന്ന് വർഷ വിദ്യാർത്ഥികളാണ് പിടിയിലായവർ.
മോഷ്ടിച്ച ആറ് സിസി ടിവി കാമറകൾ പ്ലാസ്റ്റിക് കവറിലാക്കി മറ്റൊരു ഹോസ്റ്റൽ കെട്ടിടത്തിന്റെ എയർഹോളിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഹോസ്റ്റലിന്റെ കവാടത്തിൻ സ്ഥാപിച്ചിരുന്ന കാമറ എടുക്കുവാൻ കഴിയാതെ വന്നപ്പോൾ സംഘം കേടുവരുത്തിയിരുന്നു.മൊത്തം ഒന്നരലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി കാണിച്ചാണ് കോളജ് പ്രിൻസിപ്പൽ പരാതി നല്കിയിരുന്നത്. കഴിഞ്ഞമാസം 11 നാണ് മോഷണം നടന്നത്.
മോഷണത്തിനും പൊതുമുതൽ നശിപ്പിച്ചതിനുമാണ് വിയ്യൂർ പോലീസ് ഇവർക്കെതിരെ കേസെടുത്തിരുന്നത്. കോളജ് കവാടത്തിൽ സ്ഥാപിച്ചിരുന്ന കാമറ നശിപ്പിക്കുന്നതിനിടയിൽ ഇവരുടെ ചിത്രം പതിഞ്ഞിരുന്നു. ഇതിൽനിന്നാണ് പോലീസ് ഇവരെ പിടികൂടിയത്. ഇതിൽ പലരും തിങ്കളാഴ്ച പരീക്ഷയുള്ളവരുമാണ്.