ദിവസങ്ങള്‍ നീണ്ട ആലോചനയ്ക്കും പദ്ധതി തയാറാക്കലിനും ശേഷമാണ് ഒരു കള്ളന് ഒരു ഓപ്പറേഷനായി ഇറങ്ങിത്തിരിക്കുന്നത്. എന്നാല്‍ ആയുധവുമായി കൊള്ളയടിക്കാന്‍ സ്ലോ മോഷനില്‍ എത്തുന്ന സമയത്ത് കൈ സ്ലിപ്പായി ആയുധം നേരെ ഇരയുടെ മുമ്പിലേക്ക് വീണാലുള്ള അവസ്ഥയെന്തായിരിക്കും. ഇത്തരത്തില്‍ അബദ്ധം സംഭവിച്ച ഒരു കള്ളന്റെ അവസ്ഥയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ച് ആളുകളെ ചിരിപ്പിച്ചുകൊണ്ടിരിക്കുന്നത്.
ടൈമിങ് തെറ്റിയ കള്ളനെ പിടികൂടാനുള്ള ശ്രമത്തിലാണ് യു.എസിലെ കൊളറഡോ പോലീസ്. അരോരയിലെ ഒരു ഇ-സിഗാരറ്റ് ഷോപ്പിലാണ് കള്ളന്റെ മോഷണ ശ്രമം പരാജയപ്പെട്ടത്. പാന്റും ടീഷര്‍ട്ടുമിട്ട് ഒപ്പം തൊപ്പിയും കൂളിങ് ഗ്ലാസും വെച്ചാണ് കള്ളന് കവര്‍ച്ചക്കായി ഷോപ്പിലേക്ക് വരുന്നത്.
ക്യാഷ് കൗണ്ടറിലെത്തിയ കള്ളന് ഷര്‍ട്ടിനുള്ളില്‍ ഒളിപ്പിച്ച തോക്ക് എടുക്കുന്നതിനിടെ കൈയില്‍ നിന്ന് വഴുതുകയായിരുന്നു. ക്യാഷ്യറുടെ കാബിനപ്പുറത്തേക്ക് വീണ തോക്ക് എടുക്കാനായി കള്ളന് ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.
ഇതിനിടെ ക്യാഷറായ യുവതി തോക്ക് കൈക്കലാക്കി. ഇത് മനസിലാക്കിയ കള്ളന് ഓടുകയായിരുന്നു. ഓട്ടത്തിനിടയില്‍ ഇയാളുടെ പാന്റ് ഊരിപ്പോകുന്നതും കാണാം. കടയിലെ സി.സി.ടി.വിയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത്. അരോര പോലീസ് ഫേസ്ബുക്കിലൂടെയാണ് വീഡിയോ പുറത്തുവിട്ടത്. വീഡിയോ ഇതിനകം തന്നെ വൈറലായി. രസകരമായ കമന്റുകളാണ് വീഡിയോക്ക് താഴെ ലഭിക്കുന്നതും.