തലശേരി: ആറ് മാസം കൊണ്ട് തലശേരി പോലീസ് സബ് ഡിവിഷനെ കാമറ കണ്ണുകൾക്ക് കീഴിലാക്കി ഡിവൈഎസ്പി മൂസ വള്ളിക്കാടൻ. തലശേരി, ധർമടം, ന്യൂ മാഹി, പിണറായി, പാനൂർ, കതിരൂർ, കൂത്തുപറമ്പ്, കണ്ണവം എന്നീ പോലീസ് സ്റ്റേഷൻ പരിധികളിൽ ജനപ്രതിനിധികളുടേയും പൊതുജനങ്ങളുടേയും പങ്കാളിത്തത്തോടെയാണ് കാമറകൾ സ്ഥാപിച്ചത്.
പല പോലീസ് സ്റ്റേഷൻ പരിധികളിലും നേരത്തെ സ്ഥാപിച്ചിരുന്ന കാമറകളിൽ പലതും പ്രവർത്തന രഹിതമായിരുന്നു. ഇവയെല്ലാം മാറ്റി സ്ഥാപിക്കുകയും ചെയ്തു.
സബ് ഡിവിഷൻ പരിധിയിൽ പത്ത് പോലീസ് സ്റ്റേഷനുകളാണുള്ളത്. ഇതിൽ എട്ട് പോലീസ് സ്റ്റേഷൻ പരിധികളിലേയും പ്രധാനപ്പെട്ട റോഡുകളിലെല്ലാം തന്നെ കാമറകൾ മിഴി തുറന്നു കഴിഞ്ഞു. കൊളവല്ലൂർ, ചൊക്ലി പോലീസ് സ്റ്റേഷൻ പരിധികളിൽ കാമറകൾ സ്ഥാപിക്കാനുള്ള പ്രവർത്തനങ്ങൾ നടന്നു വരികയാണ്.
ധർമടം പോലീസ് സ്റ്റേഷൻ പരിധിയിൽ ജനകീയ കമ്മറ്റിയുടെ നേതൃത്തിൽ സ്ഥാപിച്ച സിസി ടി വി സർവയലൻസ് സിസ്റ്റം ഇന്നലെ സ്റ്റേഷൻ കോമ്പൗണ്ടിൽ ഡി വൈ എസ് പി മൂസ വള്ളിക്കാടൻ സ്വിച്ച് ഓൺ കർമം നിർവഹിച്ച് ഉദ്ഘാടനം ചെയ്തു. സിഐ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലാണ് ധർമടത്ത് കാമറ സ്ഥാപിച്ചത്.
പ്രധാന റോഡുകളിലും ഇട റോഡുകകളിലും കാമറ സ്ഥാപിച്ചതോടെ കുറ്റകൃത്യങ്ങൾ തെളിയിക്കൽ പോലീസിന് എളുപ്പമായി മാറും. കണ്ണവം കൊലപാതകവും തലശേരി നഗരത്തിൽ പട്ടാപ്പകൽ എട്ട് ലക്ഷം കവർന്നതുൾപ്പെടെയുള്ള കേസുകൾ വേഗത്തിൽ തെളിയിക്കാൻ സി സി ടിവി ദൃശ്യങ്ങൾ പോലീസിനെ സഹായിച്ചിട്ടുണ്ട്.
2020 ജൂൺ പത്തിന് തലശേരി ഡിവൈഎസ്പി യായി ചുമതലയേറ്റ ഡി വൈ എസ് പി മൂസ വള്ളിക്കാടൻ തന്റെ സബ് ഡിവിഷൻ പരിധിയിൽ കാമറകൾ സ്ഥാപിക്കുന്നതിന് പ്രഥമ പരിഗണനയാണ് നൽകിയത്. ആറ് മാസത്തെ സേവനത്തിനു ശേഷം മൂസ വള്ളിക്കാടനെ വടകര ഡിവൈഎസ്പി യായിട്ടാണ് നിയമിച്ചിട്ടുള്ളത്.