തിരുവനന്തപുരം: ദുരിതാശ്വാസ പ്രവർത്തനവുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിലൂടെ കുപ്രചരണം നടത്തിയതിന് വിവിധ ജില്ലകളിലായി രജിസ്റ്റർ ചെയ്തത് 22 കേസുകൾ. ഡിജിപി ലോകനാഥ് ബെഹ്റയാണ് കേസ് രജിസ്റ്റർ ചെയ്ത വിവരം അറിയിച്ചത്.
രജിസ്റ്റർ ചെയ്ത കേസുകൾ സംബന്ധിച്ച് സൈബർ സെൽ, സൈബർ ഡോം, ഹൈടെക് സെൽ എന്നിവ വിശദമായി അന്വേഷണം തുടങ്ങി. ദുരിതാശ്വാസവുമായി ബന്ധപ്പെട്ട് കുപ്രചരണം നടത്തുന്ന തരത്തിൽ സന്ദേശം പ്രചരിപ്പിക്കുന്നവരെ അറസ്റ്റ് ചെയ്ത് നിയമപരമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ലോകനാഥ് ബെഹ്റ അറിയിച്ചു.
ദുരിതാശ്വാസ പ്രവർത്തനങ്ങളെ കുറിച്ചും ദുരിതാശ്വാസ നിധിയെ കുറിച്ചും വ്യാപകമായ വ്യാജ പ്രചാരണം നടക്കുന്നുണ്ടെന്നും ഇത്തരക്കാർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ പറഞ്ഞിരുന്നു.