ഇഴയും പിശാച് എന്നാണ് വിളിപ്പേരെങ്കിലും ആളൊരു സാധുവാണ്, ജീവിച്ചു പോകാൻ പാടുപെടുന്ന പാവം… പറഞ്ഞുവരുന്നത് സ്റ്റെനോ കെറസ് എന്ന ശാസ്ത്രനാമമുള്ള കള്ളിമുൾച്ചെടിയെക്കുറിച്ചാണ്. മണ്ണിലൂടെ സഞ്ചരിക്കാൻ കഴിവുണ്ടെന്നതാണ് ഈ ചെടിക്ക് ഇഴയും പിശാച് ( ക്രീപ്പിംഗ് ഡെവിൾ ) എന്ന വിളിപ്പേര് കിട്ടാൻ കാരണം.
മറ്റു കള്ളിമുൾച്ചെടികളെല്ലാം ആകാശത്തിനഭിമുഖമായി തിരശ്ചീനമായി വളരുന്പോൾ ഇഴയും പിശാച് പ്രതലത്തിനു സമാന്തരമായാണ് വളരുന്നത്. ആ പ്രത്യകത തന്നെയാണ് ഈ ചെടിക്കു മണ്ണിലൂടെ സാവധാനം നീങ്ങാനുള്ള കഴിവുകൊടുക്കുന്നതും.
ചെടിയുടെ തണ്ടിൽനിന്നു വേര് മണ്ണിലേക്കിറങ്ങുകയും വേര് മണ്ണിൽപിടിച്ചു കഴിയുന്പോൾ ചെടിയുടെ ഒരു ഭാഗം അഴുകുകയും ചെയ്യും. അഴുകുന്ന സസ്യഭാഗം പുതുചെടിക്കുള്ള പോഷകാഹാരമായിമാറും. മെക്സിക്കോയിലെ ബാജയാണ് ഇഴയും പിശാചിന്റെ ജന്മദേശം.
എന്നാൽ, ഇവിടെയും ഈ ചെടി വംശനാശ ഭീഷണി നേരിടുന്നവയുടെ പട്ടികയിലാണ്. കരിഞ്ചന്തകളിൽ ചെടിക്കു വലിയ വില കിട്ടുന്നതാണ് വംശനാശ ഭീഷണിക്കു പ്രധാന കാരണം.