ബാഗ്ദാദ്: ഐഎസിന്റെ കൈയിൽനിന്നു ഭാഗ്യത്തിനു രക്ഷപ്പെട്ട് ജർമനിയിലെത്തിയ യസീദി പെൺകുട്ടിക്ക് ജർമനിയിലും സ്വൈരജീവിതം നഷ്ടമായി. തന്നെ അടിമയാക്കിയ ഐഎസ് ഭീകരനെ ജർമനിയിൽ കണ്ടുമുട്ടിയ അഷ്വാക്ക് ജീവനും കൊണ്ടോടി വീണ്ടും ജന്മനാടായ ഇറാക്കിലെത്തി.
വടക്കൻ ഇറാക്കിലെ യസീദികളുടെ നാട്ടിൽ അതിക്രമിച്ചു കയറിയ ഐഎസ് ഭീകരർ പതിന്നാലുകാരിയായ അഷ്വാക്ക് ഉൾപ്പെടെ ആയിരക്കണക്കിന് പെൺകുട്ടികളെ തട്ടിയെടുത്ത് അടിമകളാക്കിയത് 2014ലാണ്. നിരവധി യസീദി പുരുഷന്മാരെ ഭീകരർ കൊലപ്പെടുത്തുകയും ചെയ്തു.
അഷ്വാക്കിനെ നൂറു ഡോളറിന് വിലയ്ക്കുവാങ്ങിയ അബു ഹമാം എന്ന ഭീകരൻ അവളെ ലൈംഗിക അടിമയാക്കി. മൂന്നു മാസത്തോളം പീഡനമനുഭവിച്ച അഷ്വാക് രക്ഷപ്പെട്ട് ജർമനിയിൽ അഭയം തേടി. അവളോടൊപ്പം മാതാവും സഹോദരനും ജർമനിയിൽ എത്തി.
ഇനിയെങ്കിലും പഴയതെല്ലാം മറവിയുടെ മാറാപ്പിൽ തള്ളി പുതുജീവിതം ആരംഭിക്കാമെന്നു കരുതിയ അഷ്വാക്കിന്റെ സ്വപ്നങ്ങൾ തകർന്നത് പെട്ടെന്നായിരുന്നു. ജർമനിയിലെ സ്റ്റുട്ഗാർട്ടിനടുത്തുള്ള പ്രദേശത്തെ സ്കൂളിൽനിന്നു മടങ്ങുംവഴി ഫെബ്രുവരിയിൽ സൂപ്പർമാർക്കറ്റിനു സമീപമുള്ള തെരുവിൽ വച്ച് ആരോ അഷ്വാക്കിനെ പേരു ചൊല്ലി വിളിച്ചു. ഞെട്ടിത്തരിച്ച അഷ്വാക്കിന്റെ മുന്പിൽ പ്രത്യക്ഷപ്പെട്ടത് മറ്റാരുമായിരുന്നില്ല, അവളെ വിലയ്ക്കു വാങ്ങിയ അബു ഹമാമായിരുന്നു.
നിന്റെ എല്ലാ വിവരവും എനിക്കറിയാം. എവിടെ ആരുടെ കൂടെ താമസിക്കുന്നു എന്നൊക്കെ. അബുവിന്റെ വാക്കുകൾ അവളെ ഭീതിയിലാഴ്ത്തി. പേടിച്ചരണ്ട് ഓടിപ്പോയ അഷ്വാക് ജർമൻ പോലീസിൽ പരാതി നൽകിയെങ്കിലും വലിയ പ്രയോജനമുണ്ടായില്ല. അബുവിനെ തിരിച്ചറിയാൻ കൂടുതൽ തെളിവുകൾ നൽകണമെന്നും തിരിച്ചറിയലിനു സമയമെടുക്കുമെന്നുമായിരുന്നു പോലീസിന്റെ നിലപാട്.
ഏതു നിമിഷവും അബുവിന്റെ കൈയിൽപ്പെടാമെന്ന ഭീതിയെത്തുടർന്ന് അഷ്വാക് ജർമനിയിലെ ജീവിതം വേണ്ടെന്നു വച്ച് സ്വദേശമായ ഇറാക്കിനു മടങ്ങി. ഇപ്പോൾ അവൾ ഇറാക്കിലെ കുർദിസ്ഥാനിലെ യസീദി അഭയാർഥി ക്യാന്പിൽ കഴിയുകയാണ്. അഷ്വാക്കിന്റെ പരാതി ഗൗരവമായെടുത്തിട്ടുണ്ടെന്നും അന്വേഷണം നടത്തുമെന്നും ജർമൻ പ്രോസിക്യൂട്ടർമാർ വ്യക്തമാക്കി.