സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് സഞ്ചരിച്ച ഹെലികോപ്റ്റര്‍ ഊട്ടിയില്‍ തകര്‍ന്നു വീണു; ഏഴു മരണം…

കോയമ്പത്തൂര്‍: സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തും കുടുംബവും സഞ്ചരിച്ച ഹെലികോപ്റ്റര്‍ തകര്‍ന്നു വീണു. കോയമ്പത്തൂരില്‍നിന്ന് ഊട്ടിയിലേക്ക് പോയ ഹെലികോപ്റ്റര്‍ കൂനൂരിലാണ് തകര്‍ന്നു വീണത്. ഏഴു പേര്‍ മരിച്ചതായി ഊട്ടി പോലീസ് അറിയിച്ചു. കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹങ്ങള്‍ ലഭിച്ചത്.

വ്യോമസേനയുടെ എംഐ 17 ഹെലികോപ്റ്ററാണ് മോശം കാലാവസ്ഥയെ തുടര്‍ന്ന് വനമേഖലയില്‍ തകര്‍ന്നു വീണത്. ബിപിന്‍ റാവത്തും കുടുംബാംഗങ്ങളും ജീവനക്കാരും ഉള്‍പ്പെടെ 14 പേരാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്. മൂന്നു പേരെ ഗുരുതര പരിക്കുകളോടെ രക്ഷപ്പെടുത്തിയിട്ടുണ്ട്. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

ഹെലികോപ്റ്ററില്‍ ബിപിന്‍ റാവത്തും കുടുംബവും ഉണ്ടായിരുന്നതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഹെലികോപ്റ്ററില്‍ ബിപിന്‍ റാവത്തും ഉണ്ടായിരുന്നതായി വ്യോമസേനയും സ്ഥിരീകരിച്ചു. കോയമ്പത്തൂരിനു സമീപം സുലൂര്‍ വ്യോമസേന താവളത്തില്‍നിന്നാണ് ഹെലികോപ്റ്റര്‍ ഊട്ടിയിലെ വെല്ലിംഗ്ടണിലേക്ക് പോയത്.

അപകടം നടന്നയുടന്‍ ഊട്ടി പോലീസാണ് ആദ്യം സ്ഥലത്ത് എത്തിയത്. പിന്നാലെ കരസേനയിലെ ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. യാത്രക്കാരില്‍ റാവത്തിന്റെ ഭാര്യയും ഉള്‍പ്പെടുന്നതായാണ് വിവരം. സംഭവത്തില്‍ അന്വേഷണത്തിന് വ്യോമസേന ഉത്തരവിട്ടു.

സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അടിയന്തര വിവരങ്ങള്‍ തേടി. പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് പ്രധാനമന്ത്രിയെ വിവരങ്ങള്‍ അറിയിച്ചു. ഉടന്‍തന്നെ ക്യാബിനറ്റ് മീറ്റിംഗ് ചേരുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. പ്രതിരോധമന്ത്രി അപകടം നടന്ന സ്ഥലത്തേക്ക് ഉടന്‍ പുറപ്പെടും.

Related posts

Leave a Comment