വാഷിംഗ്ടൺ: ആഭ്യന്തര സംഘർഷം രൂക്ഷമായ സുഡാനിൽ വീണ്ടും 72 മണിക്കൂർ വെടിനിർത്തൽ പ്രഖ്യാപിച്ചു. വിദേശ പൗരന്മാരെ ഒഴിപ്പിക്കുന്നതിനായാണു വെടിനിർത്തൽ സമയം നീട്ടിയത്.
യുഎസിന്റെയും സൗദിയുടെയും മധ്യസ്ഥശ്രമങ്ങളെത്തുടർന്നാണ് തീരുമാനമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.ആഭ്യന്തരകലാപം ആരംഭിച്ച ശേഷം ഇതു നാലാം തവണയാണ് വെടിനിർത്തൽ പ്രഖ്യാപിക്കുന്നത്.
വെടിനിർത്തൽ നീട്ടാനും പൂർണമായും നടപ്പാക്കാനുമുള്ള സുഡാനീസ് സൈന്യത്തിന്റെയും ആർഎസ്എഫിന്റെയും തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.
അതേസമയം, സുഡാനിൽ കുടുങ്ങിക്കിടക്കുന്ന തങ്ങളുടെ പൗരന്മാരെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങൾ വിവിധ രാജ്യങ്ങൾ നടത്തുകയാണ്. ഇന്ത്യ എട്ടു ബാച്ചുകളെയാണ് ഇതുവരെ ഒഴിപ്പിച്ചത്.