നോയിഡ: വിവാഹാഘോഷവുമായി ബന്ധപ്പെട്ട ആഘോഷ വെടിവയ്പിനിടെ കൗമാരക്കാരൻ വെടിയേറ്റു കൊല്ലപ്പെട്ടു. ഉത്തർപ്രദേശിലെ നോയിഡയിലാണ് പതിനാലുകാരൻ കൊല്ലപ്പെട്ടത്.
ജർച്ചയിലെ ഗോദി ബച്ചേഡാ ഗ്രാമത്തിൽ ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. വരന്റെ ഒപ്പമെത്തിയവരിൽ ഒരാളാണ് ആകാശത്തേക്കു നിറയൊഴിച്ചത്. എന്നാൽ ഇത് ലക്ഷ്യംതെറ്റി ഗൗരവ് എന്ന കൗമാരക്കാരന്റെ ശരീരത്തിൽ പതിക്കുകയായിരുന്നെന്നു പോലീസ് അറിയിച്ചു. കുട്ടി സംഭവസ്ഥലത്തുതന്നെ മരിച്ചു.
സംഭവത്തിൽ കുട്ടിയുടെ പിതാവ് ജഗദീഷ് പോലീസിൽ പരാതി നൽകി. വരൻ ഉൾപ്പെടെ നാലു പേർക്കെതിരേയാണു പരാതി. സംഭവത്തിൽ വീഡിയോ ദൃശ്യങ്ങൾ ശേഖരിക്കാൻ പോലീസ് ശ്രമിക്കുകയാണെന്നും അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു.