കോട്ടയം: വെള്ളിത്തിരയില്‍ നിറഞ്ഞാടുന്ന സൂപ്പര്‍ താരങ്ങളുടെ ക്രിക്കറ്റ് മൈതാനത്തെ പ്രകടനം കാണാന്‍ കോട്ടയത്തുകാര്‍ക്ക് അവസരമൊരുങ്ങുന്നു. മാന്നാനം സെന്റ് എഫ്രോംസ് ഹയര്‍സെക്കന്‍ഡറി ഗ്രൗണ്ടില്‍ നടക്കുന്ന എംസിഎ-ജവിന്‍സ് ട്രോഫിയിലാണ് സെലിബ്രിറ്റി താരങ്ങള്‍ അങ്കംവെട്ടുന്നത്. ശനി ഞായര്‍ ദിവസങ്ങളിലാണ് മത്സരം. പാഷാണം ഷാജി ഉള്‍പ്പെടുന്ന മിമിക്സ് ഇലവന്, നിര്‍മാതാക്കളുടെ ടീമായ ടീം പ്രൊഡ്യൂസേഴ്സ്, പിന്നണിഗായകര്‍ ഒന്നിക്കുന്ന മെലഡി ഹീറോസ്, മാധ്യമപ്രവര്‍ത്തകരുടെ ടീമായ മീഡിയ സ്ട്രൈക്കേഴ്സ് കേരള എന്നീ ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്.
ശനിയാഴ്ച്ച രാവിലെ 8.30ന് മീഡിയ സ്ട്രൈക്കേഴ്സും മെലഡി ഹീറോസും തമ്മിലാണ് ഉദ്ഘാടന മത്സരം. സ്റ്റേജ് ഷോയിലൂടെ സിനിമയിലെത്തി ആരാധകരുടെ ഇഷ്ടതാരമായ സാജു നവോദയ (പാഷണം ഷാജി) യാണ് ടൂര്‍ണമെന്റിന്റെ ആകര്‍ഷണകേന്ദ്രം. യുവതാരങ്ങളായ റോഷന് ബഷീര്‍, ഷഫീഖ് റഹ്മാന്, ഗായകന് രമേഷ് ബാബു, ഉണ്ണി ശിവപാല്‍ തുടങ്ങിയവര്‍ വിവിധ ടീമുകളിലായി അണിനിരക്കും. ഞായറാഴ്ച്ചയാണ് ഫൈനല്‍. സിനിമ, സാമൂഹിക രംഗത്തെ പ്രമുഖര്‍ മത്സരം വീക്ഷിക്കാനെത്തും. പ്രവേശം സൗജന്യമാണ്.