സെലിബ്രിറ്റി ക്രിക്കറ്റില്‍ പുതിയ വിപ്ലവവുമായി ടീമുകള്‍. ട്വന്റി-20 ക്രിക്കറ്റില്‍ ദ്വിദിന, ത്രിദിന ക്രിക്കറ്റിലേക്ക് വളരുകയാണ് പാട്ടുകാരും സിനിമക്കാരും മാധ്യമപ്രവര്‍ത്തകരും ഉള്‍പ്പെടെ കളിക്കുന്ന സെലിബ്രിറ്റി ലീഗ്. ഇതിന്റെ ഭാഗമായി ചൊവ്വാഴ്ച്ച തൃപ്പൂണിത്തുറ പാലസ് ഓവല്‍ ഗ്രൗണ്ടില്‍ കൊച്ചിന് മ്യൂസിക് ചലഞ്ചേഴ്സും മാസ്റ്റര്‍ ബ്ലാസ്റ്റേഴ്സും തമ്മില്‍ ഏറ്റുമുട്ടി.
പ്രെഫഷണല്‍ കളിക്കാരുടെ കെട്ടിലും മട്ടിലും നടന്ന മത്സരത്തിന്റെ പ്രധാന ആകര്‍ഷണം മ്യൂസിക് ചലഞ്ചേഴ്സിന്റെ ഡേ. ലാല്ജിഷിന്റെ സെഞ്ചുറിയായിരുന്നു. ആദ്യ ഇന്നിംഗ്സില്‍ ലാല്ജിഷിന്റെ (100) മികവില്‍ മ്യൂസിക് ചലഞ്ചേഴ്സ് അടിച്ചെടുത്തത് എട്ടുവിക്കറ്റിന് 207 റണ്‍സ്. മറുപടി ബാറ്റിംഗില്‍ മാസ്റ്റര്‍ ബ്ലാസ്റ്റേഴ്സ് ഏഴിന് 117ല്‍ ആദ്യ ഇന്നിംഗ്സ് അവസാനിപ്പിച്ചു. രണ്ടാം ഇന്നിംഗ്സില്‍ സിഎംസി എട്ടുവിക്കറ്റിന് 218 റണ്‍സെടുത്തപ്പോള്‍ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ ഒന്‍പതിന് 122 റണ്‍സെടുത്തു. മത്സരം സമനിലയില്‍ അവസാനിച്ചു.
കൊച്ചി ആസ്ഥാനമായി എട്ടോളം ടീമുകള്‍ സെലിബ്രിറ്റി ലീഗുകളില്‍ പങ്കെടുക്കുന്നുണ്ട്. കുഞ്ചാക്കോ ബോബനും ഇന്ദ്രജിത്തും നയിക്കുന്ന സെലിബ്രിറ്റി ക്രിക്കറ്റ് ക്ലബ് (സി3) മാധ്യമപ്രവര്‍ത്തകരുടെ ടീമായ മീഡിയ സ്ട്രൈക്കേഴ്സ് കേരള, കൊച്ചിന് മ്യൂസിക് ചലഞ്ചേഴ്സ്, മെലഡി ഹീറോസ്, സാജു നവോദയ (പാഷാണം ഷാജി) മിമിക്സ് ഇലവന്, പ്രൊഡ്യൂസേഴ്സ് ഇലവന്, കേരള ഡയറക്ടേഴ്സ് ഇലവന്, സുവി സ്ട്രൈക്കേഴ്സ്, സീരിയല്‍ താരങ്ങളുടെ ടീം ആത്മ, മാസ്റ്റര്‍ ബ്ലാസ്റ്റേഴ്സ്, ടെലിവിഷന്‍ സ്ട്രൈക്കേഴ്സ് എന്നിവരും ക്രിക്കറ്റ് ലോകത്ത് സജീവമാണ്. ഈ സീസണില്‍ തൊടുപുഴ, കൊച്ചി, വയനാട്, ആലപ്പുഴ, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നടക്കുന്ന ടൂര്‍ണമെന്റുകളില്‍ ഈ ടീമുകള്‍ നേര്‍ക്കുനേര്‍ വരും.