സ്വന്തം ലേഖകൻ
തൃശൂർ: മണ്ണുത്തി- വടക്കഞ്ചേരി ആറുവരിപ്പാതയിലെ കുതിരാനിൽ ഉയരത്തിലുള്ള റോഡിനു ബലമേകാൻ കരിങ്കല്ലുകൊണ്ടു സംരക്ഷണഭിത്തി നിർമിക്കേണ്ടതിനു പകരം മണൽ ചാക്കുകൾ നിരത്തി സിമന്റുപൂശുന്നു. ഈ സൂത്രപ്പണി കഴിഞ്ഞ ദിവസം കോണ്ഗ്രസ് തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. ഷാജി ജെ. കോടങ്കണ്ടത്തിന്റെ നേതൃത്വത്തിൽ കണ്ടുപിടിക്കുകയും നിർമാണം തടയുകയും ചെയ്തു.
ഭാരവാഹനങ്ങൾ കടന്നുപോകുന്ന ആറുവരി ദേശീയപാതയുടെ അടിത്തറയാണ് മണ്ണുനിറച്ച ചാക്കുകൾ അടുക്കിവച്ച് അവയ്ക്കു മുകളിൽ സിമന്റു തേച്ചുകൊണ്ടിരുന്നത്. കരിങ്കല്ലോ കോണ്ക്രീറ്റ് ബാറുകളോ ഉപയോഗിച്ച് ബലപ്പെടുത്തേണ്ടതിനു പകരമാണ് ഈ വിദ്യ. മാസങ്ങൾക്കകം റോഡ് ഇടിഞ്ഞും തകർന്നും വീഴുമായിരുന്ന കള്ളപ്പണിയാണ് അഡ്വ. ഷാജിയുടെ നേതൃത്വത്തിൽ തടഞ്ഞത്.
കരാറുകാരായ കഐംസി കന്പനിയുടെ മണൽചാക്കിൽ സിമന്റു തേച്ചുള്ള കള്ളപ്പണി ഗുരുതരമായ സുരക്ഷാ വീഴ്ചയാണെന്ന് കോണ്ഗ്രസ് നേതാവ് വി.എം. സുധീരൻ ഫേസ്ബുക്കിൽ കുറിച്ചു. റോഡ് ഇടിഞ്ഞുവീഴാതിരിക്കാൻ കരിങ്കല്ലുകൊണ്ടു സംരക്ഷണ ഭിത്തി നിർമിക്കുന്നതിനു പകരമാണ് മണൽചാക്ക് ഉപയോഗിച്ചുള്ള പാഴ് വേല.
ഇക്കാര്യ സംസ്ഥാന പൊതുമരാമത്ത് വകുപ്പു മന്ത്രി ജി. സുധാകരന്റെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ടെന്നും അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സുധീരൻ പറഞ്ഞു.