കോട്ടയം: സിമന്റ് വില കുത്തനെ ഉയരുന്നു. പ്രധാന ബ്രാൻഡ് സിമന്റുകൾക്ക് രണ്ടാഴ്ചയ്ക്കുള്ളിൽ പായ്ക്കറ്റിന് 20 രൂപ കൂടി 420 രൂപയിലെത്തി . ഡീലർമാരിൽനിന്ന് 403 രൂപയാണ് കന്പനികൾ ഓരോ ബാഗിനും ഈടാക്കുന്നത്. ഇതേത്തുടർന്നു ചില്ലറ വിൽപ്പനവില 420ൽ നിന്ന് 430 രൂപയായി ഉയർന്നു.
പ്രളയത്തിൽ തകർന്ന വീടുകളും കെട്ടിടങ്ങളും പാലങ്ങളും പുനർ നിർമിക്കാൻ ജനം നെട്ടോട്ടമോടുന്പോഴാണ് സിമന്റിന് അകാരണമായ വിലക്കയറ്റം.പലയിടങ്ങളിലും കോണ്ക്രീറ്റ് റോഡുകളുടെ നിർമാണവും നടക്കുന്നുണ്ട്. തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളേക്കാൾ യാതൊരു നീതീകരണവുമില്ലാതെ 50 രൂപയുടെ വില വ്യത്യാസമാണു കേരളത്തിൽ സിമന്റിനുള്ളത്.
സംസ്ഥാനത്ത് മലബാർ സിമന്റ്സ് മാത്രമാണ് സിമന്റ് നിർമാണ രംഗത്തുള്ളത്. ഇവയുടെ നിർമാണവും വിൽപനയും ലഭ്യതയും കുറവായതിനാൽ ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള സിമന്റാണ് വ്യാപകമായി ഉപയോഗിക്കുന്നത്. സിമന്റ് കടകളിൽനിന്നു വീടുകളിലും പണിസ്ഥലത്തും എത്തിക്കാനുള്ള വാഹനവാടകച്ചെലവ് കണക്കാക്കിയാൽ ഒരു പായ്ക്കറ്റ് സിമന്റിനു പലയിടങ്ങളിലും 450 രൂപയാകും.
ചെന്നൈ ആസ്ഥാനമായ പ്രമുഖ സിമന്റ് കന്പനിയാണ് സംഘടിതമായി വില കൂട്ടുന്നതിന് മുൻകൈ എടുക്കുന്നതെന്നാണ് വ്യാപാരികളുടെ പക്ഷം. കേരളത്തിൽ അൾട്രാടെക്, എസിസി, രാംകോ, ചെട്ടിനാട്, ഡാൽമിയ, ശങ്കർ (ഐസിഎൽ) തുടങ്ങിയ കന്പനികൾ ഒരുമിച്ചാണ് 20 രൂപ മുതൽ സിമന്റ് വില വർധിപ്പിച്ചത്.
സിമന്റിന് ജിഎസ്ടി നിരക്ക് 28 ശതമാനത്തിൽനിന്ന് 15 ശതമാനമായി കുറച്ചേക്കുമെന്നു സൂചനയുള്ളതിനാൽ നിരക്കിൽ കുറവ് വരുന്നതിനു മുൻപു വില ഉയർത്തി ലാഭം വർധിപ്പിക്കാനുള്ള തന്ത്രമാണ് നിർമാതാക്കളുടേതെന്ന് ഡീലർമാർ പറഞ്ഞു.