കൊച്ചി: വേനൽചൂടിൽ വാടിത്തളർന്ന നിർമാണമേഖലയ്ക്ക് ഇരട്ടപ്രഹരമായി സിമന്റ് വില കുതിച്ചുയർന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ 75 രൂപ വർധിച്ചു സംസ്ഥാനത്തു സിമന്റ് വില 440 രൂപയായി. വിലവർധന നിർമാണമേഖലയിലെ ചെറുകിട കരാറുകാരെ ഉൾപ്പെടെ പ്രതിസന്ധിയിലാക്കി. തമിഴ്നാട്ടിലും കർണാടകത്തിലും വിലവർധന ഉണ്ടായെങ്കിലും അവിടെ വില 200ൽ താഴെയായിരുന്നതിനാൽ കാര്യമായി ബാധിച്ചിട്ടില്ല.
നിലവിലെ സാഹചര്യത്തിൽ സംസ്ഥാനത്ത് സിമന്റ് വില വർധിപ്പിക്കേണ്ട യാതൊരു സാഹചര്യവും നിലനിൽക്കുന്നില്ലെന്നും ഈ സാന്പത്തിക വർഷം അഞ്ചിലധികം തവണ വിലവർധനയുണ്ടായെന്നും ഡീലർമാർ പറയുന്നു. കേരളത്തിൽ സിമന്റ് ഉത്പാദനം കുറവാണെന്നതും വർധിക്കുന്ന കെട്ടിടനിർമാണവുമാണ് ഇവിടേക്ക് അയയ്ക്കുന്ന സിമന്റിന് തോന്നുന്ന വിലയിടാൻ കന്പനികളെ പ്രേരിപ്പിക്കുന്നതെന്നും ഡീലർമാർ ചൂണ്ടിക്കാട്ടുന്നു.
മറ്റു സംസ്ഥാനങ്ങൾ വില നിയന്ത്രിച്ച് കുറഞ്ഞവിലയ്ക്ക് സിമന്റ് വിൽപന നടത്തുന്നതുപോലെ കേരളവും വിപണിയിൽ ഗുണനിലവാരം ഉറപ്പുവരുത്തി വിലനിയന്ത്രണ ചട്ടം കൊണ്ടുവരണമെന്നാണ് നിർമാണമേഖലയിൽനിന്നുള്ള ആവശ്യം. സിമന്റ് വില വർധിച്ചതോടെ സർക്കാർ മേഖലയിലെ പ്രവൃത്തികളും താറുമാറാകും.
കഴിഞ്ഞ ഒന്നരവർഷത്തെ ബില്ലുകൾ മാറാത്തതിനെത്തുടർന്ന് വാട്ടർ അഥോറിറ്റിയുടെ പുതിയ കരാറുകൾ ഏറ്റെടുക്കാൻ കരാറുകാർ നിലവിൽ തയാറാകുന്നില്ല. വെള്ളത്തിന്റെ അളവ് കുറഞ്ഞതോടെ ചെറുകിട നിർമാണ പ്രവൃത്തികളെല്ലാം താത്കാലികമായി നിർത്തിവയ്ക്കേണ്ട അവസ്ഥായിലാണെന്നും കരാറുകാർ പറയുന്നു.
ജെറി എം. തോമസ്