പത്തനംതിട്ട : മഴ ശക്തിപ്പെടുന്നതും സാമഗ്രികളുടെ ലഭ്യതയില്ലായ്മയും മൂലം നിര്‍മാണ മേഖല പ്രതിസന്ധിയില്‍. സിമനന്റിനും കന്പിക്കും അടക്കം വില വീണ്ടും കൂടിയതോടെ കരാറുകാരടക്കം നിര്‍മാണ മേഖലയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവര്‍ക്കും ബുദ്ധിമുട്ടായി.
സിമന്റ് പായ്ക്കറ്റൊന്നിന് 40 രൂപയിലധികം വര്‍ധിച്ചു. കമ്പിക്ക് 80 രൂപയോളമാണ് മാര്‍ക്കറ്റ് വിലയിലെ വര്‍ധന. പാറയും ക്രഷര്‍ ഉത്പന്നങ്ങളും ജില്ലയില്‍ കിട്ടാക്കനിയാണ്.
റേഷന്‍ കണക്കെ ലഭിക്കുന്ന മെറ്റല്‍, എംസാന്‍ഡ്, പിസാന്‍ഡ് തുടങ്ങിയ ഉത്പന്നങ്ങള്‍ക്ക് നിയന്ത്രണമില്ലാതെ വില വര്‍ധിപ്പിക്കുന്നു.
ജില്ലയിലെ നിലവിലുള്ള പാറമടകള്‍ക്കുള്ള പ്രവര്ത്താനുമതിപുതുക്കിനല്കാത്തതിനാണ് ഉത്പന്നങ്ങള്‍ക്ക് ക്ഷാമമുണ്ടാകാന്‍ കാരണമായി പറയുന്നത്. എന്നാല്‍ ഇതര ജില്ലകളിലേക്ക് ലോഡ് വാഹനങ്ങള്‍ പോകുന്നുമുണ്ട്.
സാധന ലഭ്യത കുറഞ്ഞതോടെ അനധികൃത യാര്‍ഡുകള്‍ ഈ മേഖലയില്‍ പിടിമുറുക്കുകയാണ്. സാധനങ്ങള്‍ സംഭരിച്ചു കൂട്ടുന്ന ഇവര്‍ തോന്നുന്ന വിലയാണ് ഈടാക്കുന്നത്. നിയന്ത്രിക്കാനും നടപടിയില്ല .
ഇനിയൊരു വില വര്‍ധന കരാര്‍ സംഘടനകളുടെയും നിര്‍മാണ ഏജന്‍സികളുടെയും ജില്ലാ ഭരണകൂടത്തിന്റെയും സാന്നിധ്യത്തില്‍ ചര്‍ച്ച ചെയ്തു മാത്രമേ ഉണ്ടാകൂവെന്ന ഉറപ്പ് ക്രഷര്‍, ക്വാറി ഉടമകള്‍ ലംഘിച്ചിരിക്കുകയാണെന്ന് കരാറുകാര്‍ പറയുന്നു.
സാമ്പത്തിക വര്‍ഷം ആരംഭിച്ച് ആഴ്ചകള്‍ മൂന്നു പിന്നിടുമ്പോഴുള്ള അവസ്ഥ ഇതാണെങ്കില്‍ സീസണ് ആകുമ്പോഴേക്കും സ്ഥിതി ഗുരുതരമാകും.