കോഴിക്കോട്:സിമന്റിന് കുത്തനെ വില വര്‍ധിച്ചെന്ന പ്രാചരണം അടിസ്ഥാന രഹിതമാണെന്നും വ്യാജ പ്രചാരണം സിമന്റ് കമ്പനികളെ സഹായിക്കാനാണെന്നും കേരള സിമന്റ് ഡീലേഴ്സ് അസോസിയേഷന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
നിലവില്‍ പല സിമന്റ് കമ്പനികളും വില വര്‍ധിപ്പിച്ചിട്ടുണ്ടെങ്കിലും വിവിധ ബ്രാന്‍ഡ് സിമന്റുകളും ശരാശരി 330 രൂപ മുതല്‍ മാര്‍ക്കറ്റില്‍ ലഭ്യമാണ്. എന്നാല്‍ ചില സംഘടനകള്‍ സിമന്റിന് കുത്തനെ വില വര്‍ധിപ്പിച്ചു എന്ന പ്രസ്താവനകള്‍ ഇറക്കി പൊതുജനത്തെ തെറ്റിദ്ധരിപ്പിക്കുകയാണ്.
ഇത് അമിത വില ഈടാക്കാന്‍ കമ്പനികള്‍ക്ക് സഹായമാവും. ഈ വ്യാജ പ്രസ്തവാനയുടെ മറവില്‍ ഇതുവരെ വിലവര്ധിപ്പിക്കാത്ത കമ്പനികള്‍ കേരളത്തില്‍ വില വര്‍ധിപ്പിക്കാനും ഒരുങ്ങുന്നുണ്ട്. സിമന്റ് കമ്പനികളില്‍ നിന്ന് കമ്മീഷന് വാങ്ങി നടത്തുന്ന ഇത്തരം പ്രസ്താവനകള്‍ പിന്‍വലിക്കണമെന്ന് ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
എ ഗ്രേഡ് സിമന്റുകള്‍ക്ക് ആകെ 20 രൂപ മാത്രമാണ് വര്‍ധനവുണ്ടായിരിക്കുന്നത്. നാമമാത്രമായ വില മറ്റു ബ്രാന്‍ഡുകളിലും കൂടിയിട്ടുണ്ട്. 330 രൂപ മുതല്‍ സിമന്റ് വിപണിയില്‍ ലഭിക്കുന്നുണ്ട്. എസിസി സിമന്റിന്റെ ഇന്നത്തെ വില 390 രൂപ മാത്രമാണെന്നും ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി.
സ്വകാര്യ കമ്പനി വില വര്‍ധിപ്പിച്ചതിന് പിന്നാലെ മലബാര്‍ സിമന്റ്സ് ഡിസ്കൗണ്ടുകള്‍ ഒഴിവാക്കി 20 രൂപ വര്‍ധിപ്പിച്ച നടപടി സര്‍ക്കാര്‍ പിന്‍വലിക്കണം. ജിഎസ്ടിക്ക് പുറമെ ചുമത്തുന്ന ഒരു ശതമാനം പ്രളയ സെസ് വ്യാപാര മേഖലയില്‍ പ്രതിസന്ധികളുണ്ടാക്കുമെന്നും വ്യാപാരികള്‍ പറഞ്ഞു.