പത്തനംതിട്ട: യാതൊരു നിയന്ത്രണങ്ങളുമില്ലാതെ സാമഗ്രികളുടെ വില കുതിച്ചുയരുന്നത് നിര്‍മാണ മേഖലയെ സാരമായി ബാധിച്ചു.
ഏറ്റെടുത്ത കരാര്‍ ജോലികള്‍ പോലും പാതിവഴിയില്‍ ഉപേക്ഷിക്കേണ്ട സാഹചര്യമാണെന്ന് കേരള ഗവണ്മെന്റ് കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന് ജില്ലാ ഭാരവാഹികള്‍ പറഞ്ഞു.
ക്രഷര്‍ ഉത്പന്നങ്ങളുടെ വിലയും വര്‍ധിപ്പിക്കാന്‍ നീക്കം നടക്കുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ ജോലികള്‍ നിര്‍ത്തിവയ്ക്കേണ്ടിവരുമെന്നും അസോസിയേഷന് പ്രസിഡന്റ് ജോര്‍ജ് സൈബുവും സെക്രട്ടറി കമറുദ്ദീന് മുണ്ടുതറയിലും അറിയിച്ചു.
സിമന്റ് വില കുതിക്കുന്നു
സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളും നിര്‍മാണ സാമഗ്രികളുടെ ദൗര്‍ലഭ്യതയും വിലവര്‍ധനയും തൊഴിലാളി ക്ഷാമവും നിര്‍മാണ മേഖലയെ ദോഷകരമായി ബാധിച്ചിരിക്കുകയാണ്.
സിമന്റ്, കമ്പി, മറ്റ് ഉത്പന്നങ്ങള്‍ എന്നിവയുടെ വില റോക്കറ്റ് പോലെ കുതിക്കുകയാണ്. ഒരുവര്‍ഷം മുമ്പ് സിമന്റ് വില 320 രൂപയായിരുന്നു.
ഇപ്പോള്‍ മാര്‍ക്കറ്റ് വില 500 മുതല്‍ മുകളിലേക്ക് കമ്പിവില കിലോഗ്രാമിന് 53 ല്‍ നിന്ന് 72 ലേക്കു കുതിച്ചു.
2018ലെ നിരക്ക് പ്രകാരം ഒരു ചാക്ക് സിമന്റിന് 332 രൂപയാണ് കരാറുകാരന് അനുവദിച്ചിട്ടുള്ളത്. കമ്പിക്കാകട്ടെ 49 രൂപയാണ ്ലഭിക്കുന്നത്.
ഈ സ്ഥാനത്ത് സിമന്റിന് 500 രൂപയും കമ്പിക്ക് 72 രൂപയും നല്കി കരാറുകാര്‍ വാങ്ങേണ്ട സാഹചര്യമാണ്.
ഇന്ധനവിലയും ജിഎസ്ടിയും മൂലമുള്ള വിലവര്‍ധന വേറെയും. കേരളത്തിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളിലേറെയും തദ്ദേശസ്ഥാപനങ്ങള്‍ മുഖേനയാണ് നടത്തുന്നത്.
അവിടങ്ങളിലെ ടെന്‍ഡര്‍ പൂര്‍ത്തിയായി. എഗ്രിമെന്റ് വച്ച് നിര്‍മാണം ആരംഭിക്കുന്ന ഘട്ടത്തിലെ വിലക്കയറ്റം കരാറുകാരെ സാരമായി ബാധിക്കും.
കുടിശിക നല്‍കാതെ…
തദ്ദേശസ്ഥാപനം ഒഴികെയുള്ള സര്‍ക്കാര്‍ വകുപ്പുകളില്‍ നിര്‍മാണ സാമഗ്രികളുടെ വില 2018ല്‍ പുതുക്കി നല്‍കിയതാണ്. സര്‍ക്കാര്‍ പ്രഖ്യാപിച്ച 10 ശതമാനം അധികനിരക്ക് നല്‍കാനും തദ്ദേശസ്ഥാപനങ്ങള്‍ തയാറാകുന്നില്ല.
ഒരു കിലോ ടാറിന് 42 രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള നിരക്ക്. എന്നാല്‍ പെട്രോളിയം കമ്പനികള്‍ ഈടാക്കുന്നത് 53 രൂപയാണ്.
ഇതിനിടെ ക്രഷര്‍ ഉത്പന്നങ്ങള്‍ക്ക് വീണ്ടും വില ഉയര്‍ത്താന്‍ നീക്കം നടക്കുന്നതായും കരാറുകാര്‍ ആരോപിച്ചു. സ്വന്തം നിലയില്‍ വില നിശ്ചയിക്കുന്ന സമീപനമാണ് ക്രഷര്‍ കമ്പനികള്‍ പുലര്‍ത്തുന്നത്.
കോവിഡ് കാലത്ത് സര്‍ക്കാര്‍ പുറത്തിറക്കിയ പല ഉത്തരവുകളും വകുപ്പുകളും നടപ്പാക്കിയിട്ടില്ല.
പൂര്‍ത്തീകരിക്കാന്‍ കഴിയാത്ത പണികളുടെ കാലാവധി നീട്ടിക്കൊടുക്കണമെന്ന് ഉത്തരവുള്ളതാണെന്നും കരാറുകാര്‍ ചൂണ്ടിക്കാട്ടി. കരാറുകാര്‍ക്കുള്ള കുടിശികപോലും നല്‍കിയിട്ടില്ല.