ലണ്ടൻ: തെക്കുകിഴക്കൻ ഇംഗ്ലണ്ടിലെ ഒരു ആംഗ്ലോസാക്സൺ സെമിത്തേരിയിൽനിന്നു കണ്ടെത്തിയ അതിപുരാതനവാൾ ഗവേഷകർക്കു കൗതുകമായി! മധ്യകാലഘട്ടത്തിന്റെ (5-15 നൂറ്റാണ്ടുകൾ) തുടക്കത്തിൽ നിർമിച്ചെതെന്നു കരുതുന്ന ഈ വാളിലെ അലങ്കാരപ്പണികളാണു ശ്രദ്ധേയമായത്. സ്വർണവും വെള്ളിയും പൂശിയ വാളിന്റെ കൈപ്പിടിയിൽ നിറയെ കൊത്തുപണികളാണ്.
കൈപ്പിടിയുടെ മുകൾഭാഗത്തുള്ള മോതിരമാണ് അതിനേക്കാൾ കൗതുകം. ബീവറിന്റെ രോമവും മരവും ചേർത്തുനിർമിച്ച വാളിന്റെ ഉറയും ഗവേഷകർ കണ്ടെത്തി. ഇതുപോലുള്ള വാളുകൾ വളരെ അപൂർവമാണെന്നു ഗവേഷകർ പറയുന്നു.
ശവകുടീരത്തിൽ മൃതദേഹത്തോടു ചേർത്തുവച്ചനിലയിലായിരുന്നു വാൾ. രാജാവിൽനിന്നു സമ്മാനമായി ലഭിച്ച വാൾ മൃതദേഹത്തോടൊപ്പം ശവപ്പെട്ടിയിൽ വച്ചതാകാമെന്നു കരുതുന്നു. ഈ ശവക്കുഴിയിൽ സർപ്പത്തെ കൊത്തിവച്ച ഒരു സ്വർണ ലോക്കറ്റും ഉണ്ടായിരുന്നു. ഈ ലോക്കറ്റ് അടുത്തബന്ധമുള്ള സ്ത്രീയുടെ ’അമൂല്യസമ്മാനം’ ആയിരിക്കാമെന്നാണു നിഗമനം.
12 ശ്മശാനങ്ങൾ കുഴിച്ചപ്പോൾ മനോഹരമായി സജ്ജീകരിച്ച 200 ഓളം ശവകുടീരങ്ങളാണു ഗവേഷകർ കണ്ടെത്തിയത്. പുരുഷന്മാരുടെ ശവക്കുഴികളിൽ കുന്തങ്ങളും പരിചകളും പോലുള്ള വലിയ ആയുധങ്ങളാണു കണ്ടതെങ്കിൽ സ്ത്രീകളുടെ ശവക്കുഴികളിൽ കത്തികളും വസ്ത്രങ്ങളിൽ കുത്തുന്ന പിൻ, കൊളുത്ത് എന്നിവയാണു കണ്ടത്. അക്കാലത്തെ ജീവിതരീതികളിലേക്കു വെളിച്ചം വീശുന്നതാണ് ഇവയെല്ലാം.