ന്യൂഡൽഹി: ഒടിടി പ്ലാറ്റ്ഫോം, ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ എന്നിവയെ കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയത്തിന് കീഴിലാക്കിക്കൊണ്ടുള്ള ഉത്തരവ് വന്നത് സുപ്രീംകോടതി ഇടപെടലിനെ തുടര്‍ന്ന്.
ഒടിടി പ്ലാറ്റ്ഫോമുകളായ നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം വീഡിയോ എന്നിവയെ ഒരു പ്രത്യേക സമിതി നിയന്ത്രിക്കുന്നതിനുള്ള അപേക്ഷയില്‍ കഴിഞ്ഞ മാസം സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിന്റെ പ്രതികരണം തേടിയിരുന്നു.
ഈ പ്ലാറ്റ്ഫോമുകളിലെ ഡിജിറ്റൽ ഉള്ളടക്കങ്ങൾ യാതൊരുവിധ ഫിൽട്ടറിംഗോ സ്ക്രീനിംഗോ ഇല്ലാതെ പൊതുജനങ്ങൾക്ക് ലഭ്യമാക്കിയിട്ടുണ്ടെന്നാണ് പൊതുതാൽപര്യ ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നത്.
ഹർജി പരിഗണിച്ച സുപ്രീംകോടതി ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്ഡെ, ജസ്റ്റീസുമാരായ എ.എസ്. ബൊപ്പണ്ണ, വി. രാമസുബ്രഹ്മണ്യൻ എന്നിവരടങ്ങിയ ബെഞ്ച് കേന്ദ്രവാർത്താവിനിമയ മന്ത്രാലയത്തിനും ഇന്റർനെറ്റ് ആൻഡ് മൊബൈൽ അസോസിയേഷൻ ഓഫ് ഇന്ത്യയ്ക്കും നോട്ടീസ് അയയ്ക്കുകയും ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പുതിയ നടപടി.
ഡിജിറ്റല്‍ മാധ്യമങ്ങളെ നിയന്ത്രിക്കേണ്ട ആവശ്യമുണ്ടെന്നും വിദ്വേഷ പ്രചരണങ്ങളെ നിയന്ത്രിക്കാനായി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ തയാറാക്കേണ്ടതുണ്ടെന്നും ഇതിനായി കോടതി ആദ്യം ഒരു പ്രത്യേക സംഘത്തെ നിയമിക്കണമെന്നും വാര്‍ത്താവിതരണ, പ്രക്ഷേപണ മന്ത്രാലയം കോടതിയോട് അഭ്യർഥിച്ചിരുന്നു.
പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയാണ് അച്ചടി മാധ്യമങ്ങളെ നിയന്ത്രിക്കുന്നതും നിരീക്ഷിക്കുന്നതും. വാര്‍ത്ത ചാനലുകളെ നിരീക്ഷിക്കിക്കാന് ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് അസോസിയേഷനും പരസ്യ ചിത്രങ്ങളെ നിയന്ത്രിക്കാന്‍ അഡ്വര്‍ടൈസിംഗ് സ്റ്റാന്‍ഡേര്‍ഡ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുമുണ്ട്.
സിനിമകള്‍ നിയന്ത്രിക്കുന്നതാകട്ടെ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്ട്ടിഫിക്കേഷന് ആണ്. നിലവില്‍ ഡിജിറ്റല്‍ കണ്ടന്റുകളെ നിയന്ത്രിക്കുന്ന നിയമമോ സര്‍ക്കാര്‍ സ്ഥാപനമോ ഇല്ല.
ഈ സാഹചര്യത്തില്‍ പുതിയ ഉത്തരവിലൂടെ ഇത്തരം പ്ലാറ്റ്ഫോമുകളെ നിയന്ത്രിക്കുക, നിരീക്ഷിക്കുക എന്നതാണ് ലക്ഷ്യമാക്കുന്നത്.