ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ കറുത്ത അധ്യായങ്ങളിലൊന്നായ ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയ്ക്ക് ഇന്ന് നൂറ് വയസ്സ്. 1919 ഏപ്രില്‍ 13 ദേശസ്‌നേഹികളായ ഇന്ത്യയ്ക്കാര്‍ക്ക് ഒരിക്കലും വിസ്മരിക്കാന്‍ കഴിയില്ല. വൈശാഖി ആഘോഷിക്കാന്‍ പഞ്ചാബിലെ ജാലിയന്‍ വാലാബാഗ് മൈതാനത്ത് ഒത്തു കൂടിയ 2000ലധികം ആളുകള്‍ക്ക് നേരെയായിരുന്നു ജനറല്‍ റെജിനാള്‍ഡ് ഡയറിന്റെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ് പട്ടാളം തുരുതുരെ വെടിയുതിര്‍ത്തത്. പത്തുമിനിറ്റിനുള്ളില്‍ 1650 റൗണ്ട്് വെടിവെപ്പു കഴിഞ്ഞതോടെ സ്വാതന്ത്ര്യമോഹികളുടെ രക്തം വീണ് മൈതാനം ചുവന്നു.
സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവരുടെ വിലാപം ഭാരതത്തിന്റെ ആത്മാവിനെ മുറിപ്പെടുത്തിയ ദുരന്തം. സ്വാതന്ത്ര്യസമരത്തില്‍ ഉയിരു കൊടുത്ത അനേകര്‍ക്കു മുന്നില്‍ ഇവരുടെ മുഖം വേറിട്ടു നില്‍ക്കുന്നു. പോരാട്ടചരിത്രത്തിലെ രക്തലിഖിതമായ അധ്യായം. ഒന്നാംലോകയുദ്ധം കഴിഞ്ഞ് ഏതാനും മാസം കഴിഞ്ഞപ്പോഴായിരുന്നു ഇത്. പലവിധ പ്രശ്നങ്ങള്‍ പഞ്ചാബിനെ അലട്ടി. ബ്രിട്ടിഷുകാര്‍ക്കൊപ്പം യുദ്ധം ചെയ്യാന്‍ പോയ അനേകം പേര്‍ക്കു പണിയില്ലാതായി. എല്ലാമേഖലയിലും അനിശ്ചിതത്വം. അതൃപ്തിയില്‍ പുകയുന്ന ജനങ്ങളുടെ ക്ഷമ പരീക്ഷിക്കുന്ന ഭരണപരിഷ്‌കാരങ്ങള്‍ക്കു പഞ്ഞമില്ലായിരുന്നു.
ഇതിനിടയില്‍ നടപ്പിലാക്കിയ റൗലത്ത് ആക്ടാണ് ജാലിയന്‍വാലാബാഗിലേക്ക് കാര്യങ്ങള്‍ കൊണ്ടെത്തിച്ചത്. വിചാരണ കൂടാതെ ആരെയും തടവില്‍ വയ്ക്കാന്‍ അധികാരം നല്‍കുന്ന നിയമത്തിനെതിരേ പ്രതിഷേധിച്ച സമരനേതാക്കളായ ഡോ. സത്യപാലിനെയും ഡോ. െസെഫ്ദ്ദീന്‍ കിച്ച്ലുവിനെയും അറസ്റ്റ് ചെയ്തതിനെതിരേ സമാധാനപരമായി യോഗം നടന്നു. ഇതിനു മുന്നോടിയായി അമൃത് സറില്‍ നിരോധാനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ജനങ്ങളെ ഭിന്നിപ്പിച്ചു ഭരിച്ച ബിട്ടീഷുകാര്‍ക്കെതിരേ പേരാടാന്‍ മുസ്ലിംകളെയും ഗാന്ധിജി ഭാഗമാക്കിയത് ഭരണകൂടത്തെ പ്രകോപിപ്പിച്ചു. ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ ഭാഗമായവരും പഞ്ചാബില്‍ കൈകോര്‍ത്തു.
ദേശീയപ്രസ്ഥാനത്തില്‍ എല്ലാവരെയും അണിനിരത്താനുള്ള ആഹ്വാനത്തിന് അവിടെയും അലയൊലിയുണ്ടായി. ഇതിന്റെ പേരില്‍ ഗാന്ധിജിക്കു പഞ്ചാബില്‍ പ്രവേശിക്കുന്നതിനു വിലക്ക് ഏര്‍പ്പെടുത്തി. അടുത്ത ദിവസങ്ങളിലായുണ്ടായ സംഘര്‍ഷങ്ങളില്‍ ഇരുപതിലേറെ പേര്‍ കൊല്ലപ്പെട്ടു. അഞ്ചു യുറോപ്യന്‍മാരും മരിച്ചു. ഇതോടെ െസെന്യത്തെയും സര്‍ക്കാരിനെയും നിയന്ത്രിക്കുന്നവരുടെ സമനിലതെറ്റി. ഒരു മിഷണറി സ്ത്രീയെ ജനം ആക്രമിച്ചതോടെ സമരക്കാരെ അടിച്ചമര്‍ത്താന്‍ തീരുമാനമുണ്ടായി.
ഇതേത്തുടര്‍ന്നു നിരോധനാജ്ഞ പ്രഖ്യാപിച്ചു. അമൃത്സര്‍ നഗരത്തില്‍ നാലു പേരില്‍ കൂടുതല്‍ സംഘടിക്കരുതെന്നു മുന്നറിയിപ്പായി. പക്ഷേ ഇതൊന്നുമറിയാതെ സിഖുകാരുടെ ഏറ്റവും വലിയ ഉത്സവമായ െവെശാഖി ആഘോഷിക്കാന്‍ കൈനിറയെ പണവുമായി ഗ്രാമീണരെത്തി. അവരും സമരക്കാരും െമെതാനിയില്‍ തമ്പടിച്ചു. അയ്യായിരം മുതല്‍ 20,000 വരെ ആളുകളുണ്ടായിരുന്നെന്നാണു കണക്ക്. ഇതില്‍ ഹാലിളകി എത്തിയ ബ്രിഗേഡിയര്‍ ജനറല്‍ റെജിനാള്‍ഡ് ഡയറിന്റെ നേതൃത്വത്തില്‍ നരനായാട്ട് നടത്തുകയായിരുന്നു.
ഡയറിന്റെ വായില്‍ നിന്നും ‘ഫയര്‍’ എന്ന ആക്രോശം പുറത്തു വന്നതോടെ സൈനികള്‍ മൈതാനത്തിന്റെ സകലഭാഗത്തേക്കും തുരുതുരാ വെടിയുതിര്‍ത്തു.
ഏഴോളം ഏക്കറുളള മൈതാനിക്ക് അഞ്ചു കവാടമുണ്ടായിരുന്നു. ഇടുങ്ങിയ കവാടത്തിലൂടെ രക്ഷപ്പെടാന്‍ ശ്രമിച്ചവരെയാണു വെടിക്കോപ്പുകള്‍ തീരുംവരെ ഉന്നംവന്നത്. മരിച്ചവരുടെ കണക്ക് പോലുമെടുക്കാതെ ക്രൂരനായ ഡയറും സംഘവും സ്ഥലംവിട്ടു. പരുക്കേറ്റവരെ നോക്കാനും തയാറായില്ല.
ഒരു നൂറ്റാണ്ടു കഴിഞ്ഞിട്ടും മരിച്ചവരുടെ കൃത്യമായ കണക്കു ലഭ്യമല്ല. മരിച്ചവരെ മുഴുവന്‍ തിരിച്ചറിഞ്ഞിരുന്നില്ല. കോളനി രേഖകള്‍ പ്രകാരം 400 പേര്‍ കൊല്ലപ്പെട്ടു. സേവാസമിതിയുട കണക്കനുസരിച്ച് 379 പേരാണു മരിച്ചത്. എന്നാല്‍, 1,600 പേര്‍ മരിച്ചെന്നും ആയിരം പേര്‍ക്കു വെടിവയ്പില്‍ പരുക്കേറ്റെന്നുമാണു കോണ്‍ഗ്രസ് അന്നു പുറത്തുവിട്ട കണക്ക്. മരിച്ചവരുടെ കണക്കെടുക്കാത്തതിനു ഡയറെ ദ് ഹണ്ടര്‍ കമ്മിഷന്‍ വിമര്‍ശിച്ചിരുന്നു.
ബ്രിട്ടിഷ് മേല്‍ക്കോയ്മ സംരക്ഷിക്കാന്‍ നടത്തിയ ക്രൂരതയുടെ പേരില്‍ സൈനികമേധാവി പിന്നീട് ”ഹീറോ”യായി. പ്രഭുസഭ അദ്ദേഹത്തെ പ്രകീര്‍ത്തിച്ചു. പക്ഷേ, ഹൗസ് ഓഫ് കോമണ്‍സ് നിഷ്‌കരുണം തളളിപ്പറഞ്ഞു. ഡയറിന്റെ സ്ഥാനക്കയറ്റം തടഞ്ഞ് ഇന്ത്യയില്‍ മേലില്‍ നിയമിക്കരുതെന്നു തീരുമാനിക്കുകയും ചെയ്തു. കൂട്ടക്കൊലയില്‍ പ്രതിഷേധിച്ച് ബിട്ടീഷ് സര്‍ പദവി രവീന്ദ്ര നാഥ് ടാഗോര്‍ നിരസിച്ചിരുന്നു. തനിക്കു പുരസ്‌കാരം നല്‍കാന്‍ ഇത്തരം കൊലയാളികള്‍ യോഗ്യരല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.
ഈ കൂട്ടക്കൊലയാണ് 1920 മുതല്‍ 22 വരെ നിസഹരണ പ്രസ്ഥാനത്തിനു ഗാന്ധിജിയെ പ്രേരിപ്പിച്ചത്. അരുംകൊലയെ ന്യായീകരിച്ച പഞ്ചാബിലെ മുന്‍ ലെഫ്റ്റ്നന്റ് ഗവര്‍ണര്‍ മൈക്കല്‍ ഒ ഡയറിനെ 21 വര്‍ഷത്തിനുശേഷം ബ്രിട്ടനില്‍ വച്ചു വെടിവെച്ചു കൊന്ന് ഉദ്ദംസിങ് എന്ന ധീര ദേശസ്‌നേഹി പകരം വീട്ടി. ലണ്ടനില്‍ എത്താനുള്ള പണം വര്‍ഷങ്ങള്‍ കൊണ്ട് സമാഹരിച്ച ശേഷമാണ് ഉദ്ദം സിംങ് ലണ്ടനിലെത്തിയതും ഡയറിനെ വെടിവച്ചു കൊന്നതും. ഉദ്ദം സിങിനെ പിന്നീട് തൂക്കിലേറ്റി. ജാലിയന്‍ വാലാബാഗ് ദുരന്തം കറുത്തപാടാണെന്നും ഖേദിക്കുന്നതായും കഴിഞ്ഞദിവസം ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസാ മേയ് വ്യക്തമാക്കി. എന്നാല്‍, എന്നാല്‍, മുറിവുണക്കാന്‍ ബ്രിട്ടന്‍ മാപ്പുപറയണമെന്നാണ് ഇന്ത്യയും പാകിസ്ഥാനും ഒരേപോലെ ആവശ്യപ്പെടുന്നത്.