ന്യൂഡല്ഹി: ഐഎസില് ചേര്ന്ന മലയാളി യുവതികളെ ഇന്ത്യയിലേക്ക് മടക്കിക്കൊണ്ടുവന്നേക്കില്ല. ജയിലില് കഴിയുന്ന മലയാളികളായ സോണിയ സെബാസ്റ്റ്യന്, മെറിന് ജേക്കബ്, നിമിഷ ഫാത്തിമ, റഫീല എന്നിവരെ ഇന്ത്യയിലേക്ക് കൊണ്ടുവരണമെന്ന് അഫ്ഗാന് സര്ക്കാര് ആവശ്യപ്പെട്ടിരുന്നു. യുദ്ധത്തില് കൊല്ലപ്പെട്ട ഐഎസ് ഭീകരരുടെ വിധവകളാണ് ഇവര്.
2016-18 കാലയളവില് അഫ്ഗാനിസ്ഥാനിലെ നന്ഗര്ഹറിലേക്ക് ഭര്ത്താക്കന്മാര്ക്കൊപ്പം എത്തിയവരാണ് ഇവര് നാലുപേരും. അഫ്ഗാനിസ്ഥാനിലുണ്ടായ വിവിധ ഏറ്റുമുട്ടലുകളില് ഇവരുടെ ഭര്ത്താക്കന്മാര് കൊല്ലപ്പെടുകയായിരുന്നു.
2019 ഡിസംബറിലാണ് യുവതികള് അഫ്ഗാന് പോലീസിന് കീഴടങ്ങുന്നത്. തുടര്ന്ന് ഇവരെ കാബൂളിലെ ജയിലില് തടവില് പാര്പ്പിച്ചു.
കുട്ടികള്ക്കൊപ്പം അഫ്ഗാന് ജയിലുകളിലുള്ള വിദേശ ഭീകരരെ അവരുടെ രാജ്യങ്ങളിലേക്ക് മടക്കിവിടാന് അഫ്ഗാന് ശ്രമിക്കുന്നുണ്ട്. ലോകത്തെ 13 രാജ്യങ്ങളില് നിന്നായി 408 പേരാണ് അഫ്ഗാനില് ഐഎസ് ഭീകരരായി ജയിലിലുള്ളത്. ഇതില് ഏഴ് പേര് ഇന്ത്യക്കാരാണ്.
അതേസമയം, ഐഎസില് ചേര്ന്ന നാലു വനിതകളെയും തിരികെ കൊണ്ടുവരുന്നതില് ഇന്ത്യന് ഏജന്സികള്ക്കിടയില് ഭിന്നതയുണ്ടെന്നും അവരെ തിരികെ എത്തിക്കുന്നതിന് അനുവാദം നല്കാന് ഇടയില്ലെന്നുമാണ് സര്ക്കാര് വൃത്തങ്ങള് നല്കുന്ന സൂചന.
കീഴടങ്ങിയതിനു ശേഷം കുട്ടികള് ഒപ്പമുള്ള യുവതികളുമായി ഇന്ത്യന് സുരക്ഷ ഉദ്യോഗസ്ഥര് അഭിമുഖം നടത്തിയിരുന്നു. ഇവരെ ഇന്ത്യയിലേക്ക് കൊണ്ടുവരണമെന്ന് കരുതിയിരുന്നു.
എന്നാല് അഭിമുഖത്തില് യുവതികളുടെ തീവ്രനിലപാടുകളില് യാതൊരു അയവും വന്നിട്ടില്ലെന്ന് മനസ്സിലാവുകയായിരുന്നു. ഇതേത്തുടര്ന്ന് ഇവരെ അവിടെത്തന്നെ വിചാരണ ചെയ്യാന് അനുവദിക്കണമെന്ന് അഫ്ഗാന് അധികൃതരോട് അഭ്യര്ഥിക്കണമെന്നാണു കരുതുന്നതെന്നും ഉദ്യോഗസ്ഥന് പറഞ്ഞു.
പുരുഷന്മാരും സ്ത്രീകളുമടക്കം 21 അംഗ മലയാളിസംഘം അഫ്ഗാനിസ്ഥാനിലേക്ക് കേരളത്തില്നിന്ന് പോയതായി ചൂണ്ടിക്കാട്ടി 2017ല് എന്ഐഎ ചാര്ജ്ഷീറ്റ് സമര്പ്പിച്ചിരുന്നു.
കാസര്കോട് സ്വദേശിയായ സോണിയ സെബാസ്റ്റ്യന് ഭര്ത്താവ് അബ്ദുല് റഷീദ് അബ്ദുല്ലയ്ക്കൊപ്പം 2016 മേയ് 31ന് മുംബൈ വിമാനത്താവളത്തിലൂടെയാണ് ഇന്ത്യ വിട്ടത്.
മെറിന് ജേക്കബ് പാലക്കാട് സ്വദേശിയായ ബെസ്റ്റിന് ജേക്കബിനെ (യഹ്യ) വിവാഹം ചെയ്തും നിമിഷ ബെസ്റ്റിന്റെ സഹോദരന് ബെക്സണെ വിവാഹം ചെയ്തുമാണ് രാജ്യം വിട്ടത്.
കാസര്കോട് സ്വദേശിയായ ഡോ. ഇജാസ് കല്ലുകെട്ടിയയ്ക്കൊപ്പമാണ് റഫീല ഇന്ത്യവിടുന്നത്. പിന്നീട് അഫ്ഗാനിലുണ്ടായ ആക്രമണങ്ങളില് ഭര്ത്താക്കന്മാര് കൊല്ലപ്പെട്ടതിനു പിന്നാലെ കുഞ്ഞുങ്ങളുമായി ഇവര് കീഴടങ്ങുകയായിരുന്നു.