സ്വവര്ഗരതിയും ഒരേലിംഗത്തില്പ്പെടുന്നവര് ഒരുമിച്ചു താമസിക്കുന്നതും ഭാരതീയ കുടുംബസങ്കല്പ്പങ്ങള്ക്ക് വിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി സുപ്രീം കോടതിയില് സത്യവാങ്മൂലം സമര്പ്പിച്ച് കേന്ദ്രസര്ക്കാര്.
രാജ്യത്ത് സ്വവര്ഗവിവാഹം നിയമപരമാക്കണമെന്ന് ആവശ്യപ്പെട്ട് സമര്പ്പിച്ച ഹര്ജിയെ എതിര്ത്താണ് കേന്ദ്രം സത്യവാങ്മൂലം നല്കിയത്.
പുരുഷന് ഭര്ത്താവായും സ്ത്രീ ഭാര്യയായുമുള്ള ഭാരതീയ കുടുംബ സങ്കല്പ്പത്തില് ഇവര്ക്കുണ്ടാകുന്ന കുഞ്ഞിന് പുരുഷന് അച്ഛനും സ്ത്രീ അമ്മയുമാണ്.
സ്വവര്ഗവിവാഹത്തെ ഇതുമായി താരതമ്യപ്പെടുത്താനാവില്ലെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടുന്നു. എതിര് ലിംഗത്തില്പെടുന്നവര് തമ്മിലുള്ള വിവാഹം എന്നതാണ് നിലവിലുള്ള വ്യവസ്ഥിതി.
ഇതിനെ നിയമപരമായ ഇടപെടല് കൊണ്ട് അസ്വസ്ഥമാക്കരുതെന്നു കേന്ദ്രം ആവശ്യപ്പെട്ടു. ഒരേ ലിംഗത്തില്പെടുന്നവര് തമ്മിലുള്ള വിവാഹത്തിനു സ്പെഷല് മാര്യേജ് ആക്ട് പ്രകാരം സാധുത നല്കണമെന്ന് ആവശ്യപ്പെട്ടു.
സ്വവര്ഗാനുരാഗികളായ രണ്ടു ദമ്പതികള് നല്കിയ ഹര്ജികളില് നിലപാട് അറിയിക്കാന് സുപ്രീംകോടതി കേന്ദ്രസര്ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചിരുന്നത്. ദത്തെടുക്കല്, വാടക ഗര്ഭധാരണം തുടങ്ങി ഒന്നിച്ചു ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതു വരെയുള്ള കാര്യങ്ങളെ ബാധിക്കുന്നതാണ് വിവാഹ റജിസ്ട്രേഷന് പ്രശ്നമെന്നാണു ഹര്ജിക്കാരുടെ വാദം.
സ്പെഷല് മാര്യേജ് ചട്ടം ലിംഗഭേദമില്ലാത്ത വിധത്തില് ഭേദഗതി ചെയ്യണമെന്നാണ് ആവശ്യം.
ഭരണഘടനയുടെ സംരക്ഷണവും അവകാശങ്ങളും ലിംഗാടിസ്ഥാനത്തില് അല്ലെന്നും അവ ഭിന്നലിംഗക്കാരെയും സംരക്ഷിക്കുന്നതാണെന്നും ഹര്ജിയിലുണ്ട്.
സ്വവര്ഗബന്ധം ഉള്പ്പെടെ, പ്രായപൂര്ത്തിയായവര് തമ്മില് പരസ്പര സമ്മതത്തോടെയുള്ള ഏതുതരം ലൈംഗിക ബന്ധവും കുറ്റകരമല്ലെന്നു സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് 2018ല് ഏകകണ്ഠമായി വിധിച്ചിരുന്നു.
ഇന്ത്യന് ശിക്ഷാനിയമത്തിലെ 377ാം വകുപ്പില് ‘പ്രകൃതിവിരുദ്ധ’ ലൈംഗികബന്ധത്തെ കുറ്റകരമാക്കുന്ന വ്യവസ്ഥകള് ഭരണഘടനാ വിരുദ്ധമെന്നു പ്രഖ്യാപിച്ചു റദ്ദാക്കിയായിരുന്നു സുപ്രീം കോടതിയുടെ ചരിത്രപ്രധാനമായ വിധി.
158 വര്ഷമായി നിലവിലുള്ള വ്യവസ്ഥകളാണു കോടതി റദ്ദാക്കിയത്. എന്നാല് സ്വവര്ഗവിവാഹം നിലവില് നിയമപരമല്ല.
സ്വവര്ഗ വിവാഹത്തെ എതിര്ത്ത് 2020ല് കേന്ദ്രസര്ക്കാര് ഡല്ഹി ഹൈക്കോടതിയിലും സത്യവാങ്മൂലം സമര്പ്പിച്ചിരുന്നു.