മുസ്ലിം സ്ത്രീകളെ ഓണ്‍ലൈനില്‍ ലേലത്തിന് വെച്ച സംഭവത്തില്‍ ‘ബുള്ളി ബായ്’ എന്ന ആപ്പ് ബ്ലോക്ക് ചെയ്തു.
കേന്ദ്ര ഐ.ടി വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. ആപ്പിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് എതിരെ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
ആക്ടിവിസ്റ്റുകള്‍, മാധ്യമപ്രവര്‍ത്തകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച മുസ്ലിം സ്ത്രീകളെ ലക്ഷ്യം വെച്ചാണ് ഈ ആപ്പ് പ്രവര്‍ത്തിച്ചിരുന്നത്.
അഞ്ച് മാസം മുന്‍പ് ഇതേ രീതിയില്‍ ‘സുള്ളി ഡീല്‍സ്’ എന്ന് പേരില്‍ ഒരു ആപ്പ് ദേശീയ തലത്തില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
ഇതിന്റെ മറ്റൊരു പതിപ്പാണ് ‘ബുള്ളി ബായ്’.പുതിയ ആപ്പിനെ കുറിച്ച് വെളിപ്പെടുത്തലുമായി രംഗത്തെത്തിയത് മാധ്യമപ്രവര്‍ത്തക ഇസ്മത് ആറയാണ്.
തന്റെ ഫോട്ടോ ഈ ആപ്പില്‍ വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്ന വിവരം ഇസ്മത് ട്വീറ്റ് ചെയ്തിരുന്നു.
സംഭവത്തില്‍ ഡല്‍ഹി പൊലീസിന് പരാതിയും നല്‍കി. അന്വേഷണം നടത്തുകയാണ് എന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു.
ഇസ്മതിനെ കൂടാതെ ഈ ആപ്പില്‍ പേര് വന്നതായി മറ്റു ചിലരും സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. തുടര്‍ന്ന് ആപ്പിനെതിരെ മഹാരാഷ്ട്രയിലെ ശിവസേന എം.പി പ്രിയങ്ക ചതുര്‍വേദി,മഹാരാഷ്ട്ര ആഭ്യന്തര സഹമന്ത്രി സതേജ് ഡി പാട്ടീല്‍, ബിഹാറിലെ കിഷന്‍ഗഞ്ചില്‍നിന്നുള്ള കോണ്‍ഗ്രസ് എംപി ഡോ. മുഹമ്മദ് ജവായ്ദ്, ഗുജറാത്തിലെ വാദ്ഗാം എംഎല്‍എയും ദലിത് നേതാവുമായ ജിഗ്‌നേഷ് മേവാനി എന്നിങ്ങനെ നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.
ഇതേ തുടര്‍ന്നാണ് സര്‍ക്കാര്‍ നടപടി എടുത്തത്. പ്രിയങ്കയുടെ ട്വീറ്റിന് മറുപടിയായാണ് ആപ്പ് ബ്ലോക്ക് ചെയ്ത വിവരം ഐടി മന്ത്രി വ്യക്തമാക്കിയത്.
ഇതിന് പ്രിയങ്ക മന്ത്രിക്ക് നന്ദി അറിയിക്കുകയും വിഷയത്തില്‍ കൂടുതല്‍ നടപടി എടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.