ന്യൂഡല്‍ഹി: കുട്ടികള്‍ക്കെതിരേയുള്ള ലൈംഗികാക്രമണങ്ങള്‍ രാജ്യത്ത് നാള്‍ക്കുനാള്‍ വര്‍ധിച്ചു വരികയാണ്. കുട്ടികളുടെ ലൈംഗിക വീഡിയോകള്‍ മൊബൈലില്‍ സൂക്ഷിച്ച് കാണുന്ന വൈകൃതമുള്ളവരാണ് കുട്ടികള്‍ക്കു നേരെയുള്ള ലൈംഗികാക്രമണം നടത്തുന്നവരിലേറെയും. ഇത്തരക്കാരെ പൂട്ടുന്നതിനുള്ള കടുത്ത ഭേദഗതി പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍ ഫ്രം സെക്ഷ്വല്‍ ഒഫെന്‍സസ് ആക്ടി(പോക്സോ)ല്‍ വരുത്തുന്നതിനായി കേന്ദ്രഗവണ്മെന്റ് അരയും തലയും മുറുക്കി രംഗത്തെത്തിയിരിക്കുകയാണ്. ഇത് പ്രകാരം കുട്ടികളുടെ ലൈംഗിക വീഡിയോ മൊബൈലില്‍ സൂക്ഷിച്ചാലും കണ്ടാലും അഞ്ച് വര്‍ഷം വരെ ജാമ്യം ഇല്ലാതെ അകത്ത് കിടക്കേണ്ടി വരും.
കുട്ടികളുടെ സുരക്ഷക്കായാണ് പോക്സോ നിയമത്തില്‍ ഇത്തരത്തില്‍ ഭേദഗതി വരുത്താന്‍ മോദി സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. കുട്ടികളെ കുറിച്ച് മോശമായി ചിന്തിക്കുന്നവനെ പോലും അകത്തിടുന്ന ഉറച്ച നിയമം ഇത്തരത്തിലാണ് നടപ്പിലാക്കാന്‍ പോകുന്നത്. കുട്ടികളുടെ പോണോഗ്രാഫിക്ക് മെറ്റീരിയലുകള്‍ കൊമേഴ്സ്യല്‍ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുകയും കാണുകയും സൂക്ഷിക്കുകയും ചെയ്യുകയും വിതരണം ചെയ്യുകയും ചെയ്യുന്നവരെല്ലാം പുതിയ നിയമത്തില്‍ കുടുങ്ങുമെന്നുറപ്പാണ്.
ഇത്തരം കുറ്റങ്ങള്‍ ചെയ്ത് രണ്ടാമത് പിടിക്കപ്പെടുന്നവര്‍ ഏഴ് വര്‍ഷത്തോളം തടവില്‍ കഴിയേണ്ടിയും വന്നേക്കാം. ഈ ഭേദഗതി നടപ്പിലാക്കുന്നതിനുള്ള നിര്‍ദ്ദേശത്തിന് നിയമ മന്ത്രാലയം, മിനിസ്ട്രി ഓഫ് വുമണ്‍ ആന്‍ഡ് ചൈല്‍ഡ് ഡെവലപ്പ്മെന്റ് എന്നിവയുടെ അംഗീകാരത്തിനായി കാത്തിരിക്കുകയാണിപ്പോള്‍. ഇതിനുള്ള അംഗീകാരം അടുത്ത ആഴ്ചയോടെ ലഭിക്കുമെന്നും തുടര്‍ന്ന് ഈ നിയമത്തില്‍ ഇത് സംബന്ധിച്ച ഭേദഗതി വരുത്താന്‍ കാബിനറ്റ് തയ്യാറാവുമെന്നുമാണ് ഒരു ഉറവിടം വെളിപ്പെടുത്തുന്നത്.കുട്ടികളുടെ നീലച്ചിത്രങ്ങളും വീഡിയോകളും ദുരുപയോഗിക്കുന്നത് വര്‍ധിക്കുന്നതില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് കടുത്ത ആശങ്കയാണ് പ്രകടിപ്പിക്കുന്നത്. ഇതിനെ തുടര്‍ന്നാണ് ഇത്തരമൊരു നീക്കമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് വിശദീകരിക്കുന്നു.
നിയമം കര്‍ക്കശമാക്കിയാല്‍ കുട്ടികളുടെ പോണ് സൂക്ഷിക്കുകയോ കൈവശം വയ്ക്കുകയോ ചെയ്താല്‍ ചുരുങ്ങിയത് 1000 രൂപ പിഴയടക്കേണ്ടി വരും. ഈ കുറ്റം ആവര്‍ത്തിച്ചാല്‍ 5000 രൂപയാവും പിഴ. രാജ്യത്ത് ചൈല്‍ഡ് പോണോഗ്രാഫി പടര്‍ന്ന് പിടിക്കുന്നതില്‍ വുമണ്‍ ആന്‍ഡ് ചൈല്‍ഡ് ഡെവലപ്പ്മെന്റ് മിനിസ്റ്ററായ മനേകാ ഗാന്ധിയും ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ഇതിനാലാണ് നിയമത്തില്‍ ഭേദഗതി വരുത്താനുദ്ദേശിക്കുന്നതെന്നും അവര്‍ പറയുന്നു. പുതിയ നിര്‍ദ്ദേശം അനുസരിച്ച് പോക്സോ നിയമത്തിലെ സെക്ഷന്‍ 15ലായിരിക്കും ഭേദഗതി വരുത്തുന്നത്. ഇതുവഴി പീഡോഫൈലുകളുടെ ശല്യം അവസാനിപ്പിക്കാമെന്നാണ് കണക്കുകൂട്ടുന്നത്.