സുപ്രിം കോടതിയുടെ നിര്‍ണായക വിധിയെ കൂട്ടുപിടിച്ച് മുത്തലാഖ് നിയമം പാസാക്കിയ കേന്ദ്രസര്‍ക്കാരിന്റെ അടുത്ത നീക്കം രാജ്യത്ത് ഏകീകൃത സിവില്‍കോഡ് നടപ്പിലാക്കുക തന്നെ. ആര്‍ട്ടിക്കിള്‍ 370 അസാധുവാക്കിയതിലൂടെ ജമ്മുകാഷ്മീരിന്റെ പ്രത്യേകപദവി എടുത്തു കളയുകയും തുടര്‍ന്ന് കാഷ്മീരിനെ രണ്ടായി വിഭജിക്കാനും കേന്ദ്ര സര്‍ക്കാരിന് അനായാസം സാധിച്ചിരുന്നു. ഈ സാഹചര്യത്തില്‍ രാജ്യത്ത് യൂണിഫോം സിവില്‍ കോഡ് നടപ്പാക്കാനും സാധിക്കുമെന്നു തന്നെയാണ് മോദി സര്‍ക്കാരിന്റെ പ്രതീക്ഷ.
ഇതിന് ഇടയാക്കിയത് സുപ്രീംകോടതിയുടെ ഒരു പരാമര്‍ശമാണ്. ഏകീകൃത സിവില്‍ കോഡ് എന്തുകൊണ്ട് ഇതുവരെയും യാഥാര്‍ഥ്യമായില്ലെന്ന് സുപ്രീംകോടതി ചോദിച്ചു. കോടതി നിരന്തരം നിര്‍ദ്ദേശിച്ചിട്ടും ഇതിനായി ഒരു ശ്രമവും ഉണ്ടായില്ലെന്ന് ജസ്റ്റിസുമാരായ ദീപക് ഗുപ്ത, അനിരുദ്ധ ബോസ് എന്നിവരുടെ ബെഞ്ച് പറഞ്ഞു. പൗരന്മാര്‍ക്ക് ഏക വ്യക്തി നിയമം കൊണ്ടുവരുന്ന കാര്യത്തില്‍ ഗോവ മാത്രമാണു തിളങ്ങുന്ന ഉദാഹരണമെന്ന് കോടതി നിരീക്ഷിച്ചു. ഭരണഘടനയുടെ 44-ാം അനുച്ഛേദം ഏകീകൃത സിവില്‍ കോഡിനെക്കുറിച്ചു പറയുന്നതായും കോടതി ചൂണ്ടിക്കാട്ടി.
ഹിന്ദു പിന്തുടര്‍ച്ച അവകാശവുമായി ബന്ധപ്പെട്ട് ഗോവയിലെ ഒരു സ്വത്തു തര്‍ക്ക കേസിലാണു കോടതിയുടെ നിരീക്ഷണം. നല്‍കിയ സിവില്‍ കേസിനാണ് ഇത്തരത്തിലൊരു പരാമര്‍ശം സുപ്രിംകോടതി നടത്തിയത്. 1956ലെ പിന്തുടര്‍ച്ച അവകാശം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കില്‍ പോലും രാജ്യത്തിനകത്ത് ഒരു ഏകീകൃത സിവില്‍കോഡ് കൊണ്ടു വരാന്‍ കഴിയാത്തത് ആശ്ചര്യപരമായ കാര്യമാണെന്നും കോടതി വ്യക്തമാക്കി.
വിവിധ ഘട്ടങ്ങളിലായി എല്ലാ നിയമങ്ങളും എല്ലാവര്‍ക്കും ഒരുപോലെ എന്നതിലേക്ക് കാര്യങ്ങളെ കൊണ്ടുവരാനുള്ള ശ്രമമാണ് സര്‍ക്കാരുകളുടെ ഭാഗത്ത് നിന്ന് ഉണ്ടാകേണ്ടതെന്നും കോടതി നിരീക്ഷിച്ചു. അതേ സമയം, കേന്ദ്ര സര്‍ക്കാരിനേയോ മറ്റ് ഏതെങ്കിലും സര്‍ക്കാരുകള്‍ക്കോ നോട്ടീസ് നല്‍കുന്ന നടപടികളിലേക്കൊന്നും കോടതി കടന്നില്ല. ഗോവ നിവാസികളുടെ പിന്തുടര്‍ച്ചാവകാശവും ആദായക്രമവും നിര്‍ണയിക്കുന്ന 1867 ലെ പോര്‍ച്ചുഗീസ് വ്യക്തി നിയമവുമായി ബന്ധപ്പെട്ട കേസിലാണ് കോടതിയുടെ പരാമര്‍ശം. ഗോവന്‍ നിവാസികളുടെ സംസ്ഥാനത്തിനകത്തും പുറത്തുമുള്ള വസ്തുവകകളുടെ പിന്തുടര്‍ച്ചാവകാശം സംബന്ധിച്ച പ്രത്യേക നിയമമായ പോര്‍ച്ചുഗീസ് വ്യക്തി നിയമം, ഇന്ത്യന്‍ നിയമമോ രാജ്യാന്തര നിയമമോ എന്ന വിഷയമാണ് കോടതി പരിശോധിച്ചത്.
കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കുകയും പാര്‍ലമെന്റില്‍ പാസാക്കുകയും ചെയ്തതിനാല്‍ ഈ നിയമം ഗോവയില്‍ നിലനില്‍ക്കുമെന്ന് കോടതി തീര്‍പ്പു കല്‍പ്പിച്ചു. നിയമം വിദേശത്തു നിന്നു വന്നതാണെങ്കിലും ഇന്ത്യന്‍ നിയമമായി മാറിക്കഴിഞ്ഞു. ഇനി അതു വിദേശ നിയമമല്ല. കോടതി വ്യക്തമാക്കി. സംസ്ഥാനത്തിനു പുറത്തു സ്ഥിരതാമസക്കാരായ ഗോവന്‍ നിവാസികളുടെ പിന്തുടര്‍ച്ചാവകാശത്തിന് പോര്‍ച്ചുഗീസ് വ്യക്തിനിയമം മാനദണ്ഡമാക്കാമോ എന്ന പ്രശ്നവും കോടതി പരിശോധിച്ചു. ‘ഗോവന്‍ പൗരന്മാര്‍ എന്നൊരു വിഭാഗമില്ല, എല്ലാവരും ഇന്ത്യന്‍ പൗരന്മാരാണ്. അതിനാല്‍, രാജ്യത്തു നിലനില്‍ക്കുന്ന നിയമം അനുസരിച്ചു ഗോവക്കാര്‍ക്ക് എവിടെയും വസ്തു വാങ്ങുകയോ വില്‍ക്കുകയോ ചെയ്യാം’ കോടതി വിധിച്ചു. സുപ്രീംകോടതിയില്‍ നിന്നുമുണ്ടായ ഈ പരാമര്‍ശം ബിജെപി സര്‍ക്കാറിന് വീണുകിട്ടിയ അവസരമാണ്. ഈ അവസരം സര്‍ക്കാര്‍ ഉപയോഗിക്കുമെന്നു തന്നെയാണ് വിവരം.
ഇന്ത്യയില്‍ വിവിധ മതക്കാര്‍ക്കും ആ മതങ്ങളിലെ തന്നെ വിവിധ വിഭാഗങ്ങള്‍ക്കും ജാതികള്‍ക്കും ഒരേ നിയമമല്ല. വിവാഹം, സ്വത്തു കൈമാറ്റം, അവകാശം, പരമ്പരാഗത അധികാരങ്ങള്‍ തുടങ്ങിയ കാര്യങ്ങളില്‍, ഇന്ത്യയിലെ എല്ലാ പൗരനും ഒരേ വ്യവസ്ഥ ബാധകമല്ല, പല പല വ്യവസ്ഥകളാണ് നിലവില്‍ ഉള്ളത്. ഈ വിവിധ മതക്കാര്‍ക്ക് അച്ഛന്‍ അമ്മ, സഹോദരങ്ങള്‍, ആദ്യഭാര്യ, രണ്ടാം ഭാര്യ, ആദ്യഭാര്യയിലെ മക്കളും മരുമക്കളും പേരക്കുട്ടികളും, രണ്ടാം ഭാര്യമക്കളും മരുമക്കളും പേരക്കുട്ടികളും തുടങ്ങിയ രക്ത ബന്ധക്കാര്‍ക്കും ബന്ധുക്കള്‍ക്കും സ്വത്തവകാശങ്ങളിലും വ്യത്യസ്ത നിയമങ്ങള്‍ ഉണ്ട്.
ഇന്ത്യയില്‍ ഒരു ഭാര്യ നിലവിലിരിക്കവേ നിയമപരമായി രണ്ടാം വിവാഹം സാധ്യമായ കാര്യമല്ല. ക്രൈസതവ, ഹിന്ദു നിയമങ്ങള്‍ ഇതിന് അനുവദിക്കുന്നില്ല. എന്നാല്‍, മുസ്ലിം മതക്കാരന് നാലു ഭാര്യമാരെ വരെ ഒരേ സമയം നില നിര്‍ത്താം. മതവും മത നിയമങ്ങളും മത വിശ്വാസങ്ങളും ആധുനിക ഇന്ത്യയിലെ നിയമസംവിധാനവ്യവസ്ഥയിലെ നിയമങ്ങളും തമ്മില്‍ പൊരുത്തപ്പെടുന്നവയല്ല. ഈ സാഹചര്യത്തിലാണ് ഏകീകൃതമായ സിവില്‍ നിയമം വേണമെന്ന ആവശ്യം ഉയരുന്നത്. കാലങ്ങളായി ഉയരുന്നതാണ് ഈ ആവശ്യം. വോട്ടു ബാങ്ക് ഭയന്ന് ഈ ആവശ്യം മാറിമാറി വരുന്ന സര്‍ക്കാറുകളൊന്നും നടപ്പിലാക്കാന്‍ ശ്രമിച്ചിട്ടില്ല.
‘ഇന്ത്യയിലൂടനീളം എല്ലാ പൗരന്മാര്‍ക്കുമായി ഒരു ഏകീകൃത സിവില്‍ കോഡ് ഉറപ്പുവരുത്താന്‍ രാജ്യം ശ്രമിക്കേണ്ടതുണ്ട്’ എന്ന് ഇന്ത്യന്‍ ഭരണഘടനയുടെ 44-ാം വകുപ്പു പറയുന്നു. ഇക്കാര്യം ഭരണഘടന തയ്യാറാക്കിയ ഡോ. ബി ആര്‍ അംബേദ്കര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഉത്തര മലബാറില്‍ മരുമക്കത്തായ നിയമം അടക്കം ചൂണ്ടാക്കാട്ടിയായിരുന്നു അംബേദ്കര്‍ ഇതേക്കുറിച്ച് വിശദീകരിച്ചിരുന്നത്. മലബാറില്‍ ഹൈന്ദവര്‍ക്കു മാത്രമല്ല മുസ്ലിംകള്‍ക്കും മറ്റെല്ലാവര്‍ക്കും ബാധകമാണെന്നാണ്. മരുമക്കത്തായ നിയമം ഒരു സ്ത്രീ ആധിപത്യ രൂപത്തിലുള്ള ഒരു നിയമമാണ്, പുരുഷാധിപത്യ സ്വഭാവത്തിലുള്ളതല്ല എന്നോര്‍ക്കണം. ഉത്തര മലബാറിലെ മുസ്ലിംകളും ഈ മരുമക്കത്തായ നിയമം പിന്തുടരുന്നു.അതുകൊണ്ടു തന്നെ മുസ്ലിം നിയമം ഒരിക്കലും മാറ്റാന്‍ പറ്റാത്ത, പുരാതന കാലം തൊട്ടെ തങ്ങള്‍ പിന്തുടര്‍ന്നു പോരുന്ന ഒന്നാണെന്ന് തീര്‍ത്തു പറയുന്നതില്‍ കാര്യമില്ല. ആ നിയമം അതേരൂപത്തില്‍ നിശ്ചിതയിടങ്ങളില്‍ ബാധകമായിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.
ഏകീകൃത സിവില്‍കോഡ് എല്ലാക്കാലത്തും ബിജെപിയുടെ അജണ്ടയിലുണ്ടായിരുന്ന വിഷയമായിരുന്നു.ഭരണഘടനയുടെ 44ാം വകുപ്പില്‍ നിര്‍ദ്ദേശക തത്വങ്ങളില്‍ ഉള്‍പ്പെടുന്നതാണ് ഏകീകൃത സിവില്‍ കോഡ്. ഭരണഘടനയെ മാനിക്കാത്തവരാണ് ഇതിനെ എതിര്‍ക്കുന്നതെന്നും ബിജെപി വ്യക്തമാക്കിയിരുന്നു. രാജ്യത്തെ വ്യക്തിനിയമങ്ങള്‍ ലിംഗസമത്വവും മാന്യമായി ജീവിക്കാനുള്ള അവകാശവും ഉറപ്പാക്കുന്നതും ഭരണഘടനാ സാധുത ഉള്ളതും ആവണമെന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചിരുന്നത്.പൊതു വ്യക്തിനിയമം നടപ്പാക്കാനുള്ള നടപടിക്രമങ്ങളും ചര്‍ച്ചകളും ഒന്നാം മോദി സര്‍ക്കാരില്‍ നിയമ മന്ത്രിയായിരുന്ന സദാനന്ദ ഗൗഡ തുടങ്ങിവച്ചിരുന്നതാണ്. അതിലേക്കാണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ നീങ്ങുന്നതും.