ന്യൂഡല്ഹി: ജമ്മു കാഷ്മീരിന് പ്രത്യേക പദനി നല്കുന്ന ആര്ട്ടിക്കിള് 370 റദ്ദാക്കി. ഭരണഘടനയുടെ 370-ാം വകുപ്പ് റദ്ദാക്കി രാഷ്ട്രപതി റാംനാഥ് കോവിന്ദ് വിജ്ഞാപനം പുറത്തിറക്കി. ഇന്ത്യയുടെ എല്ലാ നിയമങ്ങളും ഭരണഘടനാ വ്യവസ്ഥകളും ഇനി ജമ്മു കശ്മീരിനും ബാധകമാകും. ഇതിനായുള്ള പ്രമേയം ആഭ്യന്തര മന്ത്രി അമിത് ഷാ രാജ്യസഭയില് അവതരിപ്പിച്ചു.
രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉത്തരവില് ഒപ്പുവയ്ക്കുകയും ചെയ്തു. രാഷ്ട്രപതിയുടെ പ്രത്യേക അധികാരം ഉപയോഗിച്ചായിരുന്നു ബില്ലില് ഒപ്പുവച്ചത്. ശക്തമായ പ്രതിപക്ഷ ബഹളത്തിനിടെയാണ് അമിത്ഷാ നിര്ണായക തീരുമാനം പ്രഖ്യാപിച്ചത്. ജമ്മു കാഷ്മീരിനെ സംബന്ധിച്ച് മൂന്ന് സുപ്രധാന ബില്ലുകളാണ് അമിത്ഷാ രാജ്യസഭയില് കൊണ്ടുവന്നത്. ആര്ട്ടിക്കിള് 370 റദ്ദാക്കുക, ഭരണഘടനയിലെ ആര്ട്ടിക്കിള് 35എയില് നല്കിയിരിക്കുന്ന ആനുകൂല്യങ്ങള് റദ്ദാക്കുക. ജമ്മു കാഷ്മീരിനെ പുനസംഘടിപ്പിക്കുക തുടങ്ങിയവയാണ് അത്. ജമ്മു-കാഷ്മീരിനെ രണ്ടായാണ് വിഭജിച്ചത്. ജമ്മു കാഷ്മീരിനെ നിയമസഭയുള്ള കേന്ദ്രഭരണ പ്രദേശം, ലഡാക്കിനെ നിയമസഭയില്ലാത്ത കേന്ദ്രഭരണ പ്രദേശം എന്നുമുള്ള രീതിയിലാണ് വിഭജിക്കുക.