ഇലക്ട്രിക് സ്കൂട്ടറുകള്‍ക്ക് തീപിടിച്ച സംഭവത്തില്‍ പ്രമുഖ വൈദ്യുതി സ്കൂട്ടര്‍ നിര്‍മാണ കമ്പനികള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്കി കേന്ദ്ര സര്‍ക്കാര്‍.
ഓല ഇലക്ട്രിക്, ഒകിനാവ ഓട്ടോടെക്, പ്യുര്‍ ഇ.വി തുടങ്ങി പ്രമുഖ ഇലക്ട്രിക് സ്കൂട്ടര്‍ നിര്‍മാണ കമ്പനികള്‍ക്കെല്ലാം കേന്ദ്രത്തിന്റെ നോട്ടീസ് ലഭിച്ചിട്ടുണ്ട്.
വൈദ്യുതി സ്കൂട്ടറുകള് കത്തിയ സംഭവത്തില്‍ പിഴ വിധിക്കാതിരിക്കാന്‍ എന്തെങ്കിലും കാരണമുണ്ടെങ്കില്‍ ബോധിപ്പിക്കാനാണ് കമ്പനികളോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ജൂലൈ അവസാനം വരെയാണ് കമ്പനികള്‍ക്ക് മറുപടി നല്കാന് സമയം അനുവദിച്ചിട്ടുണ്ട്. കമ്പനികളുടെ മറുപടി കൂടി ലഭിച്ച ശേഷമായിരിക്കും തുടര്‍ നടപടികള്‍.
കഴിഞ്ഞ മാസം കേന്ദ്ര ഉപഭോക്തൃമന്ത്രാലയത്തിന് കീഴിലുള്ള കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി(CCPA) പ്യുര്‍ ഇവി, ബൂം മോട്ടോഴ്സ് തുടങ്ങിയ വൈദ്യുതി സ്കൂട്ടര്‍ നിര്‍മാണ കമ്പനികള്‍ക്ക് നോട്ടീസ് അയച്ചിരുന്നു.
ഏപ്രിലില്‍ ഇ സ്കൂട്ടറുകള് കത്തിയ സംഭവങ്ങളെ തുടര്‍ന്നായിരുന്നു ഉപഭോക്തൃ മന്ത്രാലയത്തിന്റെ ഈ നടപടി.
കേന്ദ്ര റോഡ് ഗതാഗത ദേശീയപാത മന്ത്രാലയവും വൈദ്യുതി സ്കൂട്ടര്‍ നിര്‍മാതാക്കളില്‍ നിന്നു മറുപടി കാത്തിരിക്കുകയാണ്.
കേന്ദ്ര സര്‍ക്കാരിന്റെ പ്രാഥമിക അന്വേഷണത്തില്‍ വൈദ്യുതി സ്കൂട്ടറുകളുടെ ബാറ്ററി സെല്ലുകളുടേയും രൂപകല്പനയുടേയും പോരായ്മകളാണ് അപകടത്തിലേക്ക് നയിച്ചതെന്ന് കണ്ടെത്തിയിരുന്നു.
ഏതാണ്ട് എല്ലാ വൈദ്യുതി സ്കൂട്ടര്‍ തീപിടുത്തങ്ങളിലും കാരണങ്ങള്‍ സമാനമാണെന്ന് കണ്ടതോടെയാണ് കമ്പനികള്‍ക്ക് നോട്ടീസയക്കാന്‍ സര്‍ക്കാര്‍ വകുപ്പുകള്‍ തീരുമാനമെടുത്തത്.
ഗതാഗത മന്ത്രാലയത്തിന്റെ നിര്‍ദേശത്തില്‍ ഡിആര്‍ഡിഒ നടത്തിയ അന്വേഷണത്തിലും വൈദ്യുതി സ്കൂട്ടറുകളുടെ ബാറ്ററികളില്‍ പിഴവുകള്‍ കണ്ടെത്തിയിരുന്നു.
ഒകിനാവ ഓട്ടോടെക്, പ്യുര്‍ ഇവി, ജിതേന്ദ്ര ഇളക്ട്രിക് വെഹിക്കിള്‍സ്, ഓല ഇലക്ട്രിക്, ബൂം മോട്ടോഴ്സ് തുടങ്ങി പല വൈദ്യുതി സ്കൂട്ടര്‍ നിര്‍മാതാക്കളും ചെലവ് കുറയ്ക്കാനായി നിലവാരം കുറഞ്ഞ വസ്തുക്കള്‍ ഉപയോഗിച്ച് ബാറ്ററികള്‍ നിര്‍മിച്ചിരുന്നുവെന്നും ഡിആര്‍ഡിഒ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് തന്നെ രാജ്യത്തെ ലിഥിയം അയണ്‍ ബാറ്ററികള്‍ക്കായി പുതിയ സ്റ്റാന്‍ഡേര്‍ഡ് പുറത്തിറക്കിയിട്ടുണ്ട്.
വാഹനങ്ങള്‍ക്ക് തീപിടിച്ച സംഭവങ്ങളില്‍ കമ്പനികളുടെ ഭാഗത്തു നിന്നു പിഴവുണ്ടെന്ന് തെളിഞ്ഞാല്‍ കര്‍ശന നടപടിയുണ്ടാവുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി തന്നെ നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ്.
പിഴയ്ക്ക് പുറമേ സമാനമായ വിഭാഗത്തില്‍ പെട്ട വൈദ്യുതി വാഹനങ്ങള്‍ തിരിച്ച് വിളിച്ച് പിഴവ് പരിഹരിക്കേണ്ടി വരുമെന്നും ഗഡ്കരി ട്വീറ്റു ചെയ്തിരുന്നു. എന്തായാലും സംഭവം ഇതിനോടകം ചര്‍ച്ചയായിട്ടുണ്ട്.