തിരുവനന്തപുരം: അപകടങ്ങ ൾ തുടരുന്ന മുതല പ്പൊഴിയിൽ കേന്ദ്രമന്ത്രി വി. മുരളീധരന്റെ നേതൃത്വത്തിലുള്ള കേന്ദ്രസംഘം സന്ദർശിച്ചു. ഇന്ന് രാവിലെ 10.30യ്ക്കാണ് കേന്ദ്രസംഘം സന്ദർശിച്ചത്.
കേന്ദ്രഫിഷറീസ് ഡവലപ്പ്മെന്റ് കമ്മീഷണർ , അസിസ്റ്റന്റ് കമ്മീഷണർ, സിഐഎസ്എഫ് ഡയറക്ടർ എന്നിവർ ഉൾപ്പെട്ട സംഘമാണ് സന്ദർശനം നടത്തിയത്. മത്സ്യത്തൊഴിലാളികളിൽനിന്നും തുറമുഖ അധികൃതരിൽനിന്നും വിവരങ്ങൾ ശേഖരിച്ചു.
അതേസമയം, അഞ്ചുതെങ്ങ് മുതലപ്പൊഴി അപകട വിഷയത്തിൽ മന്ത്രിതല സമിതി യോഗം ഇന്ന് നടക്കും. മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് മരിച്ച പുതുകുറിച്ചി സ്വദേശികളായ നാല് മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങളുടെ നഷ്ടപരിഹാരവും ഹാർബറുമായി ബന്ധപ്പെട്ട് മത്സ്യത്തൊഴിലാളി സംഘടനകളുടെ ആവശ്യങ്ങളും യോഗത്തിൽ ചർച്ചയാകും.
മന്ത്രിമാരായ സജി ചെറിയാൻ, ആന്റണിരാജു, വി. ശിവൻകുട്ടി, ജി.ആർ. അനിൽ എന്നിവരുടെ നേതൃത്വത്തിലാണ് യോഗം. മുഖ്യമന്ത്രി പിണറായി വിജയനുമായി ബന്ധപ്പെട്ട് സ്ഥിതിഗതികൾ സംസാരിച്ചശേഷമായിരിക്കും യോഗം ചേരുന്നത്.
മുതലപ്പൊഴിയിൽ അപകടത്തിൽ മരണമടഞ്ഞ മത്സ്യത്തൊഴിലാളികളുടെ വീടുകളിൽ ഇന്നലെ മന്ത്രി സജി ചെറിയാൻ സന്ദർശനം നടത്തിയിരുന്നു.
നാളെ രാവിലെ മുതലപ്പൊഴി വിഷയത്തിൽ തൊഴിലാളികളുടെ ആവശ്യങ്ങൾക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് അടൂർ പ്രകാശ് എംപി നിരാഹാരസമരം നടത്തുന്നുണ്ട ്.
രാവിലെ ഒൻപത് മുതൽ വൈകുന്നേരം അഞ്ച് വരെയാണ് എംപിയുടെ നേതൃത്വത്തിലുള്ള കോണ്ഗ്രസ് പ്രവർത്തകരുടെ ഏകദിന ഉപവാസം നടക്കും. രാവിലെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും. വൈകുന്നേരം നാരങ്ങാ നീര് കൊടുത്തുള്ള സമാപന പരിപാടി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിർവഹിക്കും.
മുതലപ്പൊഴി വിഷയത്തിൽ മത്സ്യത്തൊഴിലാളികളും ലത്തീൻ അതീരുപതയും കോണ്ഗ്രസും ജമാ അത്ത് കമ്മിറ്റികളും സമരപരിപാടികളുമായി മുന്നോട്ട് പോകുന്നത് സംസ്ഥാന സർക്കാരിനെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. വിഷയത്തിൽ കേന്ദ്രസർക്കാർ ഇടപെട്ടതും മന്ത്രിമാർക്കെതിരെ തീരപ്രദേശ ജനതയുടെ പ്രതിഷേധങ്ങളും പാർട്ടിയെയും പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.
വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ മുതലപ്പൊഴി വിഷയം തിരിച്ചടിയാകുമോയെന്ന ആശങ്കയിലാണ് സിപിഎം നേതൃത്വം. കേന്ദ്രസർക്കാർ പ്രഖ്യാപനം നടത്തുന്നതിന് മുൻപ് സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്നുള്ള സഹായപദ്ധതികളുടെ പ്രഖ്യാപനം ഉടൻ നടത്തിയില്ലെങ്കിൽ സർക്കാരിനും പാർട്ടിക്കും ദോഷകരമായി മാറുമെന്നാണ് നേതാക്കളുടെ ആശങ്ക