പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് 500 കോടി രൂപ ഇടക്കാല ആശ്വാസമായി നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. കൊച്ചി വ്യോമസേന വിമാനത്താവളത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് തീരുമാനം.
കേരളത്തില്‍ 20,000 കോടിയുടെ നഷ്ടമുണ്ടായതായാണ് സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തല്‍. 2,000 കോടി രൂപ ഇടക്കാല ആശ്വാസമായി നല്‍കണമെന്നും പ്രളയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നുമാണ് സര്‍ക്കാരിന്റെയും പ്രതിപക്ഷത്തിന്റെയും അടക്കമുള്ള ആവശ്യങ്ങള്‍.
നേരത്തേ, നാവികസേനാ ആസ്ഥാനത്തു നിന്ന് പ്രധാനമന്ത്രിയേയും വഹിച്ചുകൊണ്ട് പറന്നുയര്‍ന്ന ഹെലികോപ്റ്റര്‍ മോശം കാലാവസ്ഥയേത്തുടര്‍ന്ന് തിരിച്ചിറക്കിയിരുന്നു. ഇപ്പോള്‍ കാലാവസ്ഥ അനുകൂലമായതിനെ തുടര്‍ന്ന് പ്രധാനമന്ത്രിയുടെ വ്യോമനിരീക്ഷണം പുനരാരംഭിക്കുകയും ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയന് റവന്യു മന്ത്രി ഇ.ചന്ദ്രശേഖരന് തുടങ്ങിയവരും പ്രധാനമന്ത്രിയെ അനുഗമിക്കുന്നുണ്ട്.