സിജോ പൈനാടത്ത്
കൊച്ചി: കേരളത്തിലെ മൂന്നു സെന്‍ട്രല്‍ ജയിലുകളിലായി വധശിക്ഷ കാത്ത് 16 തടവുകാര്‍. പെരുമ്പാവൂരിലെ ജിഷ കൊലക്കേസ് പ്രതി അമിറുള്‍ ഇസ്ലാം ഉള്‍പ്പടെയുള്ളവര്‍ ശിക്ഷ നടപ്പാക്കുന്നതിനുള്ള ദിവസങ്ങളെണ്ണിയും അപ്പീല്‍ അപേക്ഷകളില്‍ കോടതിയുടെ കനിവു കാത്തും വര്‍ഷങ്ങളായി ജയിലുകളിലുണ്ടെന്നു വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു.
രാജ്യത്ത് വധശിക്ഷയ്ക്കു വിധിക്കപ്പെട്ടവരുമായി ബന്ധപ്പെട്ട 40 കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കാന്‍ സുപ്രീംകോടതി നടപടികള്‍ ആരംഭിക്കാനിരിക്കെയാണു കേരളത്തിലെ സെന്‍ട്രല്‍ ജയിലുകളില്‍ നിന്നുള്ള ഈ വിവരം പുറത്തുവരുന്നത്.
വേഗത്തില്‍ ശിക്ഷ നടപ്പാക്കാന്‍ സുപ്രീം കോടതി പരിഗണിക്കുന്ന കേസുകളില്‍ കേരളത്തിലെ ജയിലുകളിലുള്ള രണ്ടു പ്രതികളുണ്ട്.കീഴ്ക്കോടതി വധശിക്ഷ വിധിച്ചശേഷം അപ്പീല്‍ അപേക്ഷകളുമായി 15 വര്‍ഷമായി ജയിലുകളില്‍ കിടക്കുന്ന പ്രതികളും കേരളത്തിലുണ്ട്.
പൂജപ്പുര സെന്‍ട്രല്‍ ജയിലിലാണു വധശിക്ഷയ്ക്കു വിധിക്കപ്പെട്ട കൂടുതല്‍ പേരുള്ളത്. പത്തു പേരാണ് ഇവിടെ തൂക്കുക്കയര്‍ കാത്തിരിക്കുന്നത്. ഇതില്‍ രണ്ടു പേരുടെ കേസുകള്‍ സുപ്രീം കോടതി വേഗത്തില്‍ തീര്‍പ്പാക്കാന്‍ പരിഗണിക്കുന്നതിലുണ്ട്.
2007 ല്‍ പീരുമേട്ടില്‍ അമ്മയെയും മകളെയും ബലാത്സംഗം ചെയ്തു കൊന്ന കേസിലെ പ്രതി രാജേന്ദ്രന്, 2012 ല്‍ ഒമ്പതുകാരിയെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു കൊന്ന അബ്ദുള്‍ നാസര്‍ എന്നിവരുടെ കേസാണ് ഇപ്പോള്‍ സുപ്രീം കോടതി പരിഗണിക്കുന്നത്.
വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ വധശിക്ഷ കാത്തു നാലു പേരുണ്ട്. ഇക്കൂട്ടത്തിലാണു ജിഷ വധക്കേസ് പ്രതി അമിറുല്‍ ഇസ്ലാം ഉള്ളത്. 2017 ഡിസംബര്‍ 14നാണു വധശിക്ഷ വിധിച്ചത്. അജിത്ത്കുമാര്‍, രഞ്ജിത്ത്, ജോമോന് എന്നിവരാണു മറ്റുള്ളവര്‍. നാലു പേരുടെയും അപ്പീലുകള്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്.
വധശിക്ഷയ്ക്കു വിധിക്കപ്പെട്ട രണ്ടു പേര് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലാണുള്ളത്. ഇവരുടെയും അപ്പീലുകള്‍ മേല്ക്കോടതിയിലുണ്ട്.കീഴ്ക്കോടതികള്‍ ശിക്ഷിച്ചവരുടെ അപ്പീലുകള്‍ മേല്‍ക്കോടതികളില്‍ പരിഗണിക്കാന്‍ കാലതാമസമുണ്ടാകുന്നത് മനുഷ്യാവകാശ പ്രശ്നമുണ്ടെന്നു വിവിധ സംഘടനകളും മനുഷ്യാവകാശ പ്രവര്‍ത്തകരും ചൂണ്ടിക്കാട്ടുന്നു.
ജയിലുകൾ നിറയുന്നു
കേരളത്തിലെ രണ്ടു സെന്‍ട്രല്‍ ജയിലുകളില്‍ പാര്‍പ്പിക്കാവുന്ന തടവുകാരുടെ എണ്ണത്തേക്കാള്‍ അധികമാണ് ഇപ്പോഴുള്ളത്. 560 തടവുകാരെ പാര്‍പ്പിക്കാന്‍ സൗകര്യങ്ങളുള്ള ഇവിടെ നിലവില്‍ 810 പേരുണ്ടെന്നു ഗുരുവായൂര്‍ സ്വദേശി എം.കെ. ഹരിദാസിനു ലഭിച്ച വിവരാവകാശ രേഖകളില്‍ പറയുന്നു.
727 പേരെ പാര്‍പ്പിക്കാന്‍ സൗകര്യമുള്ള പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 1402 തടവുകാര്‍ ഇപ്പോഴുണ്ട്. അതേസമയം 986 പേരെ പാര്‍പ്പിക്കാന്‍ സൗകര്യമുള്ള കണ്ണൂര്‍ ജയിലില്‍ ഇപ്പോള്‍ 967 പേര് മാത്രമാണുള്ളത്. മൂന്നു സെന്‍ട്രല്‍ ജയിലുകളിലായി 1509 ജീവനക്കാര്‍ സേവനം ചെയ്യുന്നുണ്ടെന്നും വിവരാവകാശ രേഖ വ്യക്തമാക്കുന്നുണ്ട്.