സിജോ പൈനാടത്ത്
കൊച്ചി: സംസ്ഥാനത്തെ ജയിലുകളിൽ കഴിഞ്ഞ ഏഴുവർഷത്തിനിടെ മരിച്ചത് 282 തടവുകാർ. മരിച്ചവരിൽ 11 റിമാൻഡ് പ്രതികളാണെന്നും വിവരാവകാശരേഖകൾ വ്യക്തമാക്കുന്നു. 2011-18 കാലയളവിൽ സംസ്ഥാനത്തെ മൂന്നു സെൻട്രൽ ജയിലുകളിലായി 174 പേരാണു മരിച്ചത്. ഇതിൽ ഓസ്ട്രേലിയൻ സ്വദേശിയായ തടവുകാരനുമുണ്ട്. ഏഴു വർഷത്തിനിടെ ജില്ലാ ജയിലുകളിലെ മരണസംഖ്യ 41 ഉം സബ് ജയിലുകളിലേത് 67 ഉം ആണ്.
തിരുവനന്തപുരം സെൻട്രൽ ജയിലിൽ മാത്രം ഏഴു വർഷത്തിനിടെ 88 പേർ മരിച്ചു. കണ്ണൂർ സെൻട്രൽ ജയിലിൽ 44 തടവുകാരാണു മരിച്ചത്. വിയ്യൂരിൽ 42 പേർ മരിച്ചു. ജില്ലാ ജയിലുകളിൽ കോഴിക്കോടാണ് ഏറ്റവുമധികം തടവുകാർ മരിച്ചത്. ഏഴു വർഷത്തിനിടെ കോഴിക്കോട് ജില്ലാ ജയിലിൽ മരിച്ചത് 12 പ്രതികൾ. മരിച്ചവരുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്താണു കൊല്ലം ജില്ലാ ജയിൽ.
എട്ടുപേരാണ് ഇവിടെ മരിച്ചത്. എറണാകുളം അഞ്ച്, കോട്ടയം നാല്, തിരുവനന്തപുരം ആറ് എന്നിവയാണു മരണസംഖ്യ. ഇടുക്കിയിലും കാസർഗോ ഡും ആരും മരിച്ചിട്ടില്ല. വിയ്യൂരിലെ വനിതാ ജയിലിൽ ഒരു തടവുകാരി മരിച്ചിട്ടുണ്ടെന്നും കൊച്ചി സ്വദേശി രാജു വാഴക്കാലയ്ക്കു വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളിൽ പറയുന്നു.
വിയ്യൂർ സെൻട്രൽ ജയിലിൽ 42 പേർ മരിച്ചപ്പോൾ ആശ്രിതർക്കു നഷ്ടപരിഹാരമായി നൽകിയത് അഞ്ചു ലക്ഷം രൂപയാണ്. തിരുവനന്തപുരം, കണ്ണൂർ ജയിലുകളിൽ മരിച്ചവരുടെ ആശ്രിതർക്ക് ആകെ നൽകിയതു രണ്ടു ലക്ഷം മാത്രം. കോഴിക്കോട്, കോട്ടയം ജില്ലാ ജയിലുകളിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് ഏഴു ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകിയെന്നും വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നു. തടവുകാർ മരിച്ച സംഭവത്തിൽ ഏഴു വർഷത്തിനിടെ ജയിൽ അധികൃതർക്കെതിരേ കേസുകളൊന്നും ചുമത്തിയിട്ടില്ല.