കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽനിന്ന് ആംബുലൻസിൽ ജില്ലാ ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിച്ച തടവുകാരന് ഹാഷിഷ് ഓയിലും സിഗരറ്റും സ്കൂട്ടറിലെത്തി എറിഞ്ഞു നൽകിയ സംഭവത്തിൽ കണ്ണൂർ സിറ്റി പോലീസ് രണ്ടുപേരെ കസ്റ്റഡിയിൽ എടുത്തു.
മുണ്ടയാട് അതിരകത്തെ എം. അമൂദ് (23), കക്കാട് സ്വദേശി നദീർ (29) എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. എൻഡിപിഎസ് ആക്ട് പ്രകാരമാണ് ഇവർക്കെതിരേ കേസെടുത്തത്. ഇവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും.
ജയിലിലെ തടവുകാരനായ ജിംനാസിനാണ് രണ്ട് പൊതികളിലായി 23.20 ഗ്രാം ഹാഷിഷ് ഓയിലും രണ്ട് സിഗരറ്റും സ്കൂട്ടറിൽ എത്തിയ രണ്ടംഗസംഘം എറിഞ്ഞുനൽകിയത്.
ശനിയാഴ്ച രാവിലെ 10.30ന് ആണു സംഭവം. ജിംനാസിന്റെ കൂടെ ചികിത്സയ്ക്കായി ആംബുലൻസിൽ നാലുപേർ കൂടെയുണ്ടായിരുന്നു.ജിംനാസിന്റെ ചികിത്സ കഴിഞ്ഞു മറ്റു തടവുകാർക്കായി കാത്തുനിൽക്കുമ്പോഴാണ് സ്കൂട്ടറിൽ രണ്ട് പേരെത്തി പൊതി ആംബുലൻസിലേക്ക് എറിഞ്ഞത്. 12 ചെറിയ ബോട്ടിലുകളിലായി 23.20 ഗ്രാം ഹാഷിഷ് ഓയിലാണ് കണ്ടെടുത്തത്.