റിച്ചാര്‍ഡ് ജോസഫ്
തിരുവനന്തപുരം: വേറിട്ട ക്ഷീര വിപ്ലവവുമായി പൂജപ്പുര സെന്‍ട്രല്‍ ജയില്‍. പരിപാലനം മുതല്‍ പാല് ചുരത്തുന്നതുവരെയുള്ള കാര്യങ്ങളില്‍ വേറിട്ടു നില്‍ക്കുകയാണ് പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ കാലിത്തൊഴുത്ത്.
ശുചിത്വമുള്ള അന്തരീക്ഷം, ശുദ്ധമായ ഭക്ഷണം, കൃത്യമായ പരിപാലനം എല്ലാം ഇവിടുത്തെ മാത്രം പ്രത്യേകത. ജയിലിലെ പശുക്കളുടെ പരിപാലനം തടവുകാര്‍ക്കാണ് എന്നതാണ് മറ്റൊരു പ്രത്യേകത. പശുക്കള്‍ക്കു തീറ്റ കൊടുക്കുന്നതിനും പരിപാലിക്കുന്നതിനും വ്യത്യസ്ഥമായ രീതിയാണ് ഇവിടെ പിന്തുടന്നത്.
ക്ഷീരവിപ്ലവത്തിന്റെ പുത്തന്‍ മാതൃക പറഞ്ഞു തരികയാണ് പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ ഈ കാലിത്തൊഴുത്ത്.16 വര്‍ഷങ്ങള്‍ക്കു മുന്‍പാണ് തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ ആദ്യമായി രണ്ടു പശുക്കളെ വാങ്ങുന്നത്. ചെറിയ ഒരു ഓലത്തൊഴുത്തായിരുന്നു അന്ന്.
തീറ്റപ്പുല്ലിനു ക്ഷാമം വന്നപ്പോള്‍ പശുക്കളെ നെട്ടുകാല്‍ത്തേരിയിലെ തുറന്ന ജയിലിലേക്കു മാറ്റി. പിന്നീട് 2014-ല്‍ ആണ് വിപുലമായ രീതിയില്‍ കന്നുകാലി വളര്‍ത്തല്‍ ആരംഭിച്ചത്. ഇപ്പോള്‍ വലിയ 21 പശുക്കളും അഞ്ച് കാളകളുമുണ്ട്. പശുക്കള്‍ക്കു പുല്ലുവെട്ടുന്നതും തീറ്റയും വെള്ളവും കൊടുക്കുന്നതുമെല്ലാം തടവുകാര്‍ തന്നെ.
രാവിലെ 6.30ന് ആരംഭിക്കുന്ന പരിപാലനം അവസാനിക്കുന്നത് ഉച്ചകഴിഞ്ഞ് നാലിന്. ഒപ്പം ജയില്‍ ഉദ്യോഗസ്ഥരുടെ മേല്‍നോട്ടവും.വിവിധ കേസുകളിലായി സെന്‍ട്രല്‍ ജയിലില്‍ ശിക്ഷയനുഭവിക്കുന്ന പത്തോളം തടവുകാരാണ് ഇവിടുള്ള പശുക്കളെ പരിപാലിക്കുന്നത്.
രാവിലെയുള്ള കറവ മുതല്‍ ഉച്ചകഴിഞ്ഞ് വെള്ളം കൊടുത്ത് തൊഴുത്തില്കെട്ടുന്നതു വരെയുള്ള ജോലികളെല്ലാം ചെയ്യുന്നത് ഇവര്‍ തന്നെ. ഇതില്‍ ജീവപര്യന്തം തടവുശിക്ഷയനുഭവിക്കുന്ന ഒരു തടവുകാരനാണ് പശുപരിപാലനത്തില്‍ ഏറ്റവും സീനിയര്‍.
ശിക്ഷ ആരംഭിച്ച കാലം മുതല്‍ ഈ തൊഴുത്തിലാണ് ഇദ്ദേഹം ജോലി ചെയ്യുന്നത്. ഇപ്പോള്‍ ശിക്ഷ കഴിയാറായി. പശുക്കളുടെ എല്ലാ ചലനങ്ങളും അറിയാം. ഓരോ പശുവിന്റെയും പേരു വിളിച്ചാല്‍ പശുക്കള്‍ ഓടിയെത്തും. കന്നുകാലികളും പുല്ലുവെട്ടലുമെല്ലാമായി സമയം കടന്നുപോകുമ്പോള്‍ വീടിനെക്കുറിച്ചുള്ള ചിന്തകളൊന്നും ഉണ്ടാകുന്നില്ല.
അതുകൊണ്ടുതന്നെ മാനസികമായി ബുദ്ധിമുട്ടുമില്ലെന്നും അദ്ദേഹം പറയുന്നു.കൃത്യമായ ദിനചര്യകളാണ് ജയിലിലെ പശുക്കള്‍ക്കുള്ളത്. രാവിലെ 6.30ന് എഴുനേറ്റാലുടന്‍ അകിട് കഴുകി പാല് കറക്കുന്നതിന് ആളെത്തും. കറവ കഴിഞ്ഞ പശുക്കളെ കുളിപ്പിച്ച് മാറ്റിക്കെട്ടുന്നതിനുള്ള ആളുകള്‍ പിന്നാലെ എത്തും.
പിന്നെ പുല്ലിട്ടു കൊടുത്തശേഷം തൊഴുത്തില്‍ നിന്നും പുറത്തേക്കു മാറ്റിക്കെട്ടും. വെയില് കൊള്ളുന്നതിനാണ് ഇത്. പാല് കറക്കുന്നത് ഉച്ചയ്ക്ക് രണ്ടിനാണ്. വൈകുന്നേരം നാലിന് തടവുകാരെ തിരികെ ജയിലിനുള്ളില്‍ പ്രവേശിപ്പിക്കേണ്ടതുണ്ട്. അതിനാലാണ് ഉച്ചയ്ക്ക് രണ്ടിനു പാല് കറക്കുന്നത്.
കറവ കഴിഞ്ഞാല്‍ കാലിത്തീറ്റയും കാടിയും കലര്‍ത്തിയ വെള്ളം കൊടുക്കും. 3.45ന് പുല്‍തൊട്ടിലില്‍ പുല്ലിട്ടു കൊടുത്തതിനുശേഷമാണ് തടവുകാര്‍ തൊഴുത്തില്‍ നിന്നും അഴിക്കുള്ളിലേക്കു മടങ്ങുന്നത്.ജയിലിലെ കന്നുകാലികളുടെ പ്രധാന ഭക്ഷണം പച്ചപ്പുല്ല് തന്നെയാണ്.
തോട്ടത്തില്‍ നിന്നും ലഭിക്കുന്ന പുല്ലും തീറ്റപ്പുല്കൃഷിയിലൂടെ ലഭിക്കുന്നപുല്ലും നല്‍കും. പശുക്കളുടെ ആരോഗ്യം, ദഹനം എന്നിവയ്ക്കെല്ലാം ഏറ്റവും നല്ലത് പച്ചപ്പുല്ലു തന്നെയാണെന്ന് ജയില്‍ അധികൃതര്‍ സാക്ഷ്യപ്പെടുത്തുന്നു. ഒരു തുള്ളി ജലം പോലും പാഴാകാത്ത രീതിയിലാണ് സെന്‍ട്രല്‍ ജയിയിലെ തൊഴുത്തിന്റെ ക്രമീകരണം.
തൊഴുത്തില്‍ നിന്നും ലഭിക്കുന്ന ഗോമൂത്രം, പശുക്കളെ കുളിപ്പിക്കുന്ന വെള്ളം, തൊഴുത്ത് കഴുകുന്ന വെള്ളം എന്നിവയെല്ലാം നേരിട്ട് കൃഷിയിടങ്ങളിലേക്കു പോകുന്ന തരത്തിലുള്ള ക്രമീകരണമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ചാണകമാകട്ടെ തൊഴുത്തില്‍ നിന്നും അപ്പപ്പോള്‍ കോരി മാറ്റുന്നു. തൊഴുത്തിനു പുറത്ത് ഒരു വശത്തേക്കു മാറ്റുന്ന ചാണകം അന്നന്നു തന്നെ കൃഷി സ്ഥലത്തേക്കു മാറ്റും.
കുറച്ചു നാളുകളായി ജയില്‍ ഉദ്യോഗസ്ഥനായ സുനില്‍ കുമാറാണ് തൊഴുത്തിന്റെ ഇന്‍ചാര്‍ജ്. ജയിലില്‍ നിന്നും തടവുകാരെ ഇറക്കി ജോലികള്‍ ചെയ്യിച്ച് ഇവരെ തിരികെ ജയിലില്‍ പ്രവേശിപ്പിക്കേണ്ടത് സുനില്‍കുമാറിന്റെ ഉത്തരവാദിത്തമാണ്. എന്നാല്‍ ഇവിടെ ഉദ്യോഗസ്ഥനെന്നോ തടവുപുള്ളിയെന്നോ വ്യത്യാസമില്ലാതെയാണ് ഓരോരുത്തരും കാര്യങ്ങള്‍ ചെയ്യുന്നത്.
ജയിലിലെ മുഴുവന്‍ ആവശ്യങ്ങള്‍ക്കുമുള്ള പാല് ഉത്പാദിപ്പിക്കുന്നതിന് ഇപ്പോള്‍ കഴിയുന്നില്ല. ബാക്കി പാല് മില്‍മയില്‍ നിന്നും വാങ്ങുകയാണ് ചെയ്യുന്നത്. കാലി വളര്‍ത്തലില്‍ നിന്നും ലഭിക്കുന്ന വളം ജയിലില്‍ ജൈവ കൃഷിക്കായി ഉപയോഗിക്കുന്നു. ജയിലില്‍ തന്നെ വളര്‍ത്തിയെടുക്കുന്ന പച്ചപ്പുല്ലാണ് പശുക്കളുടെ പ്രധാന ഭക്ഷണം.
ഡോ.ഷെയ്ക്ക് ദര്‍വേഷ് സാഹിബ്
ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രിസണ്‍സ്
ആന്‍ഡ് കറക്ഷണല്‍ സര്‍വീസ്
കോവിഡിനെ തുടര്‍ന്ന് തടവുകാര്‍ പരോളില്‍ പോയതോടെ പശുക്കളുടെ എണ്ണം കുറച്ചിരുന്നു. കൂടുതല്‍ പശുക്കളെ വാങ്ങിയാല്‍ ജയിലിലേക്ക് ആവശ്യമുള്ള പാല് മുഴുവനായി ഉത്പാദിപ്പിക്കാന്‍ സാധിക്കും. ജയിലില്‍ കൂടുതല്‍ പാല് ഉത്പാദനം സാധ്യമാക്കുന്നതിനാണ് ശ്രമമിക്കുന്നത്.
എന്‍.എസ്.നിര്മലാനന്ദന് നായര്‍
സൂപ്രണ്ട്, പൂജപ്പുര സെന്‍ട്രല്‍ ജയില്‍