മാനന്തവാടി: സംസ്ഥാനത്തെ മറ്റ് ജയിലുകളിലെ അന്തേവാസികൾ നിർമ്മിച്ചു നൽകുന്നതു പോലെ വയനാട് ജില്ലാ ജയിലിൽ നിന്നുള്ള ഉത്പന്നങ്ങളും ഇനി പൊതു വിപണിയിലേക്ക്. മാനന്തവാടിയിലെ ജില്ലാ ജയിലിലെ അന്തേവാസികളാണ് മൊഴുകുതിരി മുതൽ എസി ഉപകരണങ്ങൾ വരെ നിർമിക്കുന്നത്.
വയനാട്ടിൽ ആദ്യമായാണ് ജയിൽ ഉൽപന്നങ്ങൾ വിപണിയിലിറക്കുന്നത് മൊഴുകുതിരി, ടോയ്ലറ്റ് ക്ലീനർ, ലിക്വിഡ് ഡിഷ് വാഷ്, തുണി സഞ്ചി, എൽഇഡി ബൾബ്, സോപ്പ് പൊടി, വാഷിംഗ് മിഷ്യൻ പൊടി, പ്ലംബിംഗ്, എസി, ഫ്രിഡ്ജ് ഉപകരണങ്ങൾ എന്നിവയെല്ലാം അന്തേവാസികൾ നിർമിക്കുന്നു.
തുച്ഛമായ വിലയുമാണ് ഉത്പന്നങ്ങൾക്ക് ഈടാക്കുന്നത്. മെഴുക് തിരിക്ക് ഒരു രൂപ, ഒരു കിലോ സോപ്പ് പൊടിക്ക് 50 രൂപ, ഒന്പത് വാട്ട് എൽഇഡി ബൾബിന് 90 രൂപ എന്നിങ്ങനെയാണ് നിരക്കുകൾ. വിലക്കുറവ് മാത്രമല്ല ഗുണമേ·യും ഉറപ്പ് വരുത്തുന്നതാണ് ഉൽപന്നങ്ങൾ. ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങുന്ന അന്തേവാസികൾക്ക് ഒരു വരുമാന മാർഗം കൂടിയാവും ജയിലിലെ തൊഴിൽ പരിശീലനമെന്ന് ജയിൽ സൂപ്രണ്ട് എസ്. സജീവ് പറഞ്ഞു.
വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിയുടെയും മീനങ്ങാടി പോളിടെക്നിക്കിന്റെയും സഹകരണത്തോടെയാണ് അന്തേവാസികൾക്ക് തൊഴിൽ പരിശീലനം നൽകി വരുന്നത്. ഉൽപന്ന വിപണനത്തിനായി ജയിലിന് പുറത്ത് ഒൗട്ട് ലെറ്റ് സംവിധാനം ഒരുക്കുമെന്ന് ഒ.ആർ. കേളു എംഎൽഎയും അറിയിച്ചിട്ടുണ്ട്. വരും നാളുകളിൽ രുചിയേറും വിഭവങ്ങളും തയാറാക്കി വിപണിയിലെത്തിക്കുന്നതിനുള്ള തയാറെടുപ്പിലാണ് ജില്ലാ ജയിൽ.