ന്യൂഡൽഹി: പ്രധാനമന്ത്രി വയവന്ദൻ യോജന (പിഎംവിവിവൈ) പ്രകാരമുള്ള നിക്ഷേപ പരിധി ഏഴര ലക്ഷം രൂപയിൽനിന്ന് 15 ലക്ഷം രൂപയായി ഉയർത്തി. ഇതുമൂലം വൃദ്ധർക്ക് പ്രതിമാസം 10,000 രൂപ വരെ പെൻഷൻ ലഭിക്കും.
60 വയസ് കഴിഞ്ഞവർക്കു സ്ഥിരവരുമാനം ഉറപ്പാക്കാനുള്ളതാണു പിഎംവിവിവൈ. ഇതുവരെ പരമാവധി നിക്ഷേപം ഏഴരലക്ഷം രൂപയായിരുന്നു. അത് ഇരട്ടിച്ചപ്പോൾ പെൻഷനും ഇരട്ടിക്കും.
നിക്ഷേപത്തുകയ്ക്കു 10 വർഷത്തേക്കു പ്രതിവർഷം എട്ടു ശതമാനം പലിശ ഗവൺമെന്റ് ഉറപ്പു നല്കുന്നു. എൽഐസിയാണ് ഇതിന്റെ നടത്തിപ്പ്. എൽഐസിക്കു ലഭിക്കുന്ന വരുമാനം എട്ടു ശതമാനത്തിൽ കുറവായാൽ വ്യത്യാസം കേന്ദ്രം നല്കും.
നേരത്തേ നിലനിന്ന വരിഷ്ട പെൻഷൻ ബീമ യോജന പേരുമാറ്റി അവതരിപ്പിച്ചതാണു വയവന്ദൻ യോജന. വരിഷ്ട പെൻഷനിൽ 3.11 ലക്ഷം പേർ ചേർന്നിരുന്നു. വയവന്ദൻ യോജനയിൽ 2.23 ലക്ഷം പേരാണ് ഇതുവരെ ഉള്ളത്.