സി.സി.സോമൻ
കോട്ടയം: ലക്ഷങ്ങൾ മുടക്കി ആധുനിക സംവിധാനങ്ങൾ സ്ഥാപിച്ച് മണർകാട്ട് ആരംഭിച്ച സെൻട്രലൈസ്ഡ് ലോക്കപ്പിൽ പ്രതികളില്ല. മുൻ ഇടതുമുന്നണി ഭരണകാലത്ത് 2010 ഡിസംബർ 11ന് അന്നത്തെ ആഭ്യന്തര വകുപ്പു മന്ത്രി കൊടിയേരി ബാലകൃഷ്ണനാണ് സെൻട്രലൈസ്ഡ് ലോക്കപ്പ് ഉദ്ഘാടനം ചെയ്തത്. ജില്ലയിലെ എട്ടു പോലീസ് സ്റ്റേഷന് ഒരു ലോക്കപ്പ് എന്ന പദ്ധതി പ്രകാരം ആരംഭിച്ച ലോക്കപ്പിൽ മറ്റു സ്റ്റേഷനുകളിൽ നിന്നുള്ള ഒരു പ്രതിയെപ്പോലും ഇതുവരെ പാർപ്പിച്ചിട്ടില്ല.
600 അടി ചതുരശ്ര മീറ്ററിൽ രണ്ടു മുറികളാണ് ലോക്കപ്പിനായി സജ്ജീകരിച്ചത്. മണർകാട് സ്റ്റേഷനിലെ നിലവിലുള്ള ലോക്കപ്പ് വികസിപ്പിച്ചാണ് സെൻട്രലൈസ്ഡ് ലോക്കപ്പാക്കിയത്. പുരുഷൻമാർക്കും സ്ത്രീകൾക്കും പ്രത്യേകം മുറികളുണ്ട്. ലോക്കപ്പ് മുറിയോടു ചേർന്ന് ബാത്ത് റൂം സജ്ജീകരിച്ചിട്ടുണ്ട് എന്നതാണ് പ്രത്യേകത. ക്ലോസ്ഡ് സർക്യൂട്ട് ടിവിയുമുണ്ട്. കസ്റ്റഡി ഓഫീസർക്കാണ് ലോക്കപ്പിന്റെ ചാർജ്.
കോട്ടയം ഈസ്റ്റ്, വെസ്റ്റ്, ഗാന്ധിനഗർ, ഏറ്റുമാനൂർ, പാന്പാടി, അയർക്കുന്നം, ചിങ്ങവനം, മണർകാട്, പോലീസ് സ്റ്റേഷനുകളിൽ പിടികൂടുന്നവർക്കു വേണ്ടിയാണ് സെൻട്രലൈസ്ഡ് ലോക്കപ്പ് ആരംഭിച്ചത്. എന്നാൽ ഉദേശിച്ച രീതിയിൽ പ്രതികളെ ഇവിടേക്ക് കൊണ്ടുവരാൻ ആരും തയാറായില്ല. സിസിടിവി കാമറകൾ പ്രവർത്തിപ്പിക്കാത്തതിനാൽ അതെല്ലാം നശിച്ചു.