ഗോഹട്ടി: ഇന്ത്യൻ ക്രിക്കറ്റ് ടീം നായകനും താത്കാലിക നായകനും റണ്‍സ് വാരിക്കൂട്ടാൻ മത്സരിച്ചപ്പോൾ തകർന്നത് വെസ്റ്റ് ഇൻഡീസ് സ്വപ്നം. വിരാട് കോഹ്ലിയും (140 റണ്‍സ്) രോഹിത് ശർമയും (152 നോട്ടൗട്ട്) സെഞ്ചുറികളുമായി കളംവാണ ആദ്യ ഏകദിനത്തിൽ ഇന്ത്യ എട്ട് വിക്കറ്റിന്റെ ജയമാഘോഷിച്ചു.
323 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 42.1 ഓവറിൽ രണ്ടു വിക്കറ്റുകൾ മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം കണ്ടു. 117 പന്തിൽനിന്ന് എട്ടു സിക്സും 15 ബൗണ്ടറികളും സഹിതം 152 റണ്‍സെടുത്ത് പുറത്താകാതെ നിന്ന രോഹിതിന്റെ 20-ാം ഏകദിന സെഞ്ചുറി. 107 പന്തിൽ നിന്ന് 21 ബൗണ്ടറികളും രണ്ടു സിക്സുമടക്കമാണ് കോഹ്ലി 140 റണ്‍സെടുത്തത്. 36-ാം ഏകദിന സെഞ്ചുറിനേടിയ കോഹ്ലിയാണ് മാൻ ഓഫ് ദ മാച്ചും.
സ്കോർ 10ൽ നിൽക്കുന്പോൾ ഇന്ത്യക്ക് ധവാനെ (നാല് റണ്‍സ്) നഷ്ടമായി. പിന്നീട് ക്രീസിൽ ഒന്നിച്ച രോഹിത്-കോഹ്ലി കൂട്ടുകെട്ട് രണ്ടാം വിക്കറ്റിൽ 246 റണ്‍സ് നേടി. വിൻഡീസിനെതിരേ ഒരു ഇന്ത്യൻ കൂട്ടുകെട്ട് 200 റണ്‍സ് പിന്നിടുന്നത് ഇതാദ്യമാണ്. നാട്ടിൽ കോഹ്ലിയുടെ 15-ാം സെഞ്ചുറി.
ലക്ഷ്യം പിന്തുടരുന്പോൾ കോഹ്ലി നേടുന്ന 22-ാം സെഞ്ചുറിയും. രാജ്യാന്തര ക്രിക്കറ്റിൽ തുടർച്ചയായ മൂന്നാം വർഷവും 2000 റണ്‍സ് എന്ന നേട്ടവും ഇന്ത്യൻ ക്യാപ്റ്റൻ സ്വന്തമാക്കി. ക്യാപ്റ്റനായി ഏറ്റവും അധികം സെഞ്ചുറി എന്ന നേട്ടത്തിൽ ഓസ്ട്രേലിയയുടെ റിക്കി പോണ്ടിംഗ് (22 സെഞ്ചുറി) മാത്രമാണ് ഇന്ത്യൻ നായകനു മുന്നിലുള്ളത്.
ആറാം തവണയാണ് രോഹിത് 150ൽ അധികം റണ്‍സ് നേടുന്നത്. സച്ചിൻ തെണ്ടുൽക്കർ, ഡേവിഡ് വാർണർ (ഇരുവരും അഞ്ച് വീതം) എന്നിവരെ പിന്തള്ളി രോഹിത് റിക്കാർഡ് കുറിച്ചു.