കീർത്തിപുർ (നേപ്പാൾ): അന്താരാഷ്ട്ര ട്വന്റി 20 ക്രിക്കറ്റിൽ അതിവേഗ സെഞ്ചുറിയുടെ റിക്കാർഡ് ഇനി മുതൽ നമീബിയയുടെ ജേൻ നിക്കോൾ ലോഫ്റ്റി ഈറ്റണിന്റെ പേരിൽ. 33 പന്തിൽനിന്നാണ് ലോഫ്റ്റി ഈറ്റണ്‍ ശതകം തികച്ചത്.
നേപ്പാളിൽ നടക്കുന്ന ത്രിരാഷ് ട്ര ടൂർണമെന്റിൽ ആദ്യ മത്സരത്തിൽ നേപ്പാളിനെതിരേയാണ് നമീബിയ മധ്യനിര ബാറ്ററുടെ അതിവേഗ സെഞ്ചുറി. കഴിഞ്ഞ ഏഷ്യൻ ഗെയിംസിൽ മംഗോളിയയ്ക്കെതിരേ നേപ്പാളിന്റെ കൗശൽ മാല 34 പന്തിൽ നേടിയ സെഞ്ചുറിയുടെ റിക്കാർഡാണു ലോഫ്റ്റി ഈറ്റണ്‍ തിരുത്തിയത്.
മത്സരത്തിൽ 36 പന്തിൽ 101 റണ്‍സ് നേടിയ താരത്തിന്റെ ബാറ്റിൽനിന്ന് 11 ഫോറും എട്ട് സിക്സുമാണ് പിറന്നത്. 280.55 ആണ് സ്ട്രൈക് റേറ്റ്. ഈ ഇടങ്കയ്യൻ ബാറ്ററുടെ 92 റണ്‍സും ബൗണ്ടറികളിൽനിന്നായിരുന്നു.
33 അന്താരാഷ്ട്ര ട്വന്റി 20യും 36 അന്താരാഷ് ട്ര ഏകദിനങ്ങളും കളിച്ചിട്ടുള്ള ലോഫ്റ്റി ഈറ്റണിന്റെ ആദ്യ സെഞ്ചുറിയാണു നേപ്പാളിൽ പിറന്നത്.
മത്സരത്തിൽ നമീബിയ 20 റണ്‍സിനു ജയിച്ചു. ടോസ് നേടി ബാറ്റ് ചെയ്ത നമീബിയ നാലു വിക്കറ്റിന് 206 റണ്‍സ് എടുത്തു. മലാൻ ക്രൂഗർ 59 റണ്‍സുമായി പുറത്താകാതെ നിന്നു.
മറുപടി ബാറ്റിംഗിൽ നേപ്പാൾ 18.5 ഓവറിൽ എല്ലാവരും പുറത്തായി. ദീപേന്ദ്ര സിംഗ് എയ് രീ (48), രോഹിത് പൗഡൽ (42), കൗശൽ മാല (32) എന്നിവർ ഭേദപ്പെട്ട പ്രകടനം നടത്തി.