ഹൈദരാബാദ്: രാമോജി ഫിലിം സിറ്റിയിൽ യുഎസ് സോഫ്റ്റ്വെയര് കമ്പനിയുടെ രജത ജൂബിലി ആഘോഷത്തിനിടെയുണ്ടായ അപകടത്തിൽ ഇന്ത്യക്കാരനായ സിഇഒയ്ക്ക് ദാരുണാന്ത്യം. യുഎസ് ആസ്ഥാനമായുള്ള സോഫ്റ്റ്വെയർ സ്ഥാപനമായ വിസ്റ്റെക്സിന്റെ സിഇഒ സഞ്ജയ് ഷാ ആണ് മരിച്ചത്.
അപകടത്തിൽ കമ്പനിയുടെ പ്രസിഡന്റ് വിശ്വനാഥ രാജു ദാറ്റ്ലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ആഘോഷത്തിന്റെ ഭാഗമായി നടന്ന ചടങ്ങിൽ ഇരുവരും സ്റ്റേജിലേക്ക് വരുന്പോഴാണ് അപകടം ഉണ്ടായത്. സ്റ്റേജിനു മുകളിൽ നിന്ന് താഴേക്ക് ഒരു ഇരുന്പ് കൂട് വഴി ഇറങ്ങുന്നതിനിടയിലാണ് അപകടം.
ഇരുവരും കയറി നിന്ന കൂടിനെ താങ്ങിനിർത്തുന്ന ഇരുമ്പ് ചങ്ങലയുടെ ഒരു വശം പൊട്ടി പോയതിനെത്തുടർന്ന് ഇരുമ്പ് കൂട് ചരിഞ്ഞു. ഇതോടെ 15 അടി ഉയരത്തില്‍നിന്ന് ഇരുവരും കോണ്‍ക്രീറ്റ് തറയിലേക്ക് വീഴുകയായിരുന്നു.
രണ്ട് ദിവസത്തെ പരിപാടിയായിരുന്നു വിസ്റ്റെക്സ് കമ്പനി ആസൂത്രണം ചെയ്തത്. ഇതിനായി രാമോജി ഫിലിം സിറ്റിയിൽ ജീവനക്കാർക്ക് താമസസൗകര്യം ഒരുക്കുകയും ചെയ്തു. ആഘോഷങ്ങൾ തകൃധിയായി നടക്കുന്നതിനിടെയാണ് അപ്രതീക്ഷിത ദുരന്തം സംഭവിച്ചത്. വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.