കാക്കനാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ റോഡിൽവച്ചു കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി അറസ്റ്റിൽ. പടമുകൾ താണ പാടത്ത് അമലിനെ (19)യാണ് ഇൻഫോ പാർക്ക് പോലീസ് തേവയ്ക്കലിലെ ബന്ധുവീട്ടിൽനിന്ന് ഇന്നലെ പുലർച്ചെ പിടികൂടിയത്.
കുത്താൻ ഉപയോഗിച്ച കത്തിയും ഇൻഫോ പാർക്കിനു സമീപത്തുനിന്നു കണ്ടെടുത്തു. കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് കൃത്യം നടത്തിയതെന്ന് ചോദ്യംചെയ്യലിൽ പ്രതി പോലീസിനോടു പറഞ്ഞതായി അറിയുന്നു.
കാക്കനാടുള്ള ഡേ കെയർ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന പെൺകുട്ടിയുമായി അമൽ അടുപ്പത്തിലായിരുന്നു. കഴിഞ്ഞ ശനിയാഴ്ച അമലിനെയും പെൺകുട്ടിയെയും ഒന്നിച്ച് കടമ്പ്രയാറിൽവച്ചു പെൺകുട്ടിയുടെ ബന്ധു കണ്ടിരുന്നു. ഇക്കാര്യം പെൺകുട്ടിയുടെ വീട്ടിൽ അറിയിച്ചു. തുടർന്നു പെൺകുട്ടി പ്രണയബന്ധത്തിൽനിന്നു പിന്മാറുന്നതായി അമലിനെ അറിയിച്ചു.
ഇതിൽ പ്രകോപിതനായ പ്രതി പെൺകുട്ടിയെ കൊല്ലാൻ കരുതിക്കൂട്ടി തീരുമാനിച്ചാണ് കത്തിയുമായി തിങ്കളാഴ്ച വൈകുന്നേരം പെൺകുട്ടി പാർട് ടൈം ജോലി ചെയ്യുന്ന ഡേ കെയറിലേക്കു പോയത്. സ്ഥാപനത്തിന്റെ തൊട്ടടുത്തു റോഡിൽ പെൺകുട്ടിയെ കാണുകയും കൈയിൽ കരുതിയിരുന്ന കത്തികൊണ്ടു കഴുത്തിനും വയറ്റിലും കുത്തി വീഴ്ത്തുകയുമായിരുന്നു.
പെൺകുട്ടിയുടെ നിലവിളി കേട്ടു പരിസരവാസികൾ എത്തിയപ്പോഴേക്കും പ്രതി ഓടി രക്ഷപ്പെട്ടു. നാട്ടുകാരാണ് പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.