മുക്കം: വിവാഹ സർട്ടിഫിക്കറ്റിന് അപേക്ഷ നൽകിയതിന് ശേഷം സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കായി ബിന്ദു കോട്ടയത്തു നിന്നും മുക്കത്തേക്ക് വന്നത് അഞ്ച് തവണ. ഓരോ തവണ വരുന്പോഴും വിവിധ സർട്ടിഫിക്കറ്റുകൾ വേണമെന്നാവശ്യപ്പെട്ട് നഗരസഭാ ജീവനക്കാർ തിരിച്ചയയ്ക്കുകയായിരുന്നു. കോട്ടയം നഗരത്തിൽ നിന്നും 50 കിലോമീറ്റർ അകലെ കോരുത്തോടാണ് ബിന്ദു ഇപ്പോൾ താമസിക്കുന്നത്.
അപേക്ഷ നൽകി ഒന്നര മാസം കഴിഞ്ഞിട്ടും വിവാഹ സർട്ടിഫിക്കറ്റ് നൽകാത്തതിനെ തുടർന്ന് നഗരസഭാ കാര്യാലയം പൂട്ടാൻ അനുവദിക്കാതെ ദന്പതികൾ പ്രതിഷേധിക്കുകയും തുടർന്ന് രാത്രിതന്നെ സർട്ടിഫിക്കറ്റ് നൽകുകയും ചെയ്തിരുന്നു.
കഴിഞ്ഞ സെപ്റ്റംബർ പതിനൊന്നിനാണ് ഇവർ മുക്കം നഗരസഭയിൽ വിവാഹ സർട്ടിഫിക്കറ്റിനും ജനനസർട്ടിഫിക്കറ്റിനും അപേക്ഷ നൽകിയത്. അപേക്ഷ നൽകി 15 ദിവസത്തിനകം സർട്ടിഫിക്കറ്റ് നൽകണമെന്നാണ് നിയമം.
കാരണം ബ്ലോക്ക് ടെക്നിക്കൽ അസിസ്റ്റന്റിന്റെ കൈപ്പിഴ
മുക്കം: ബ്ലോക്ക് ടെക്നിക്കൽ അസിസ്റ്റന്റ്ിന് വന്ന കൈപ്പിഴയാണ് സർട്ടിഫിക്കറ്റ് ലഭ്യമാകാത്ത നിലയിലേക്ക് കാര്യങ്ങളെത്തിച്ചത്. സർട്ടിഫിക്കറ്റിനുള്ള അപേക്ഷ സിവിൽ സ്റ്റേഷനിൽ സമർപ്പിച്ചതിനെ തുടർന്ന് ഡിഡിപി വിവാഹ സർട്ടിഫിക്കറ്റ് അനുവദിച്ച് നഗരസഭാ കാര്യാലയത്തിലേക്ക് അയച്ചിരുന്നു.
ഈ സർട്ടിഫിക്കറ്റിന്റെ പകർപ്പ് കൈപ്പറ്റാൻ വ്യാഴാഴ്ച രാവിലെ നഗരസഭാ ഓഫീസിലെത്തിയപ്പോൾ കംപ്യൂട്ടർ തകരാറിലാണെന്നും വെള്ളിയാഴ്ച രാവിലെ വരാൻ പറയുകയുമായിരുന്നു. കംപ്യൂട്ടറിന്റെ പ്രശ്നം പരിഹരിക്കാനെത്തിയ ബ്ലോക്ക് ടെക്നിക്കൽ അസിസ്റ്റന്റ് ഷീബ ഡിഡിപി അയച്ച സർട്ടിഫിക്കറ്റ് റദ്ദാക്കുകയും പുതിയ സർട്ടിഫിക്കറ്റിനുള്ള അപേക്ഷ അയയ്ക്കുകയും ചെയ്തതാണ് പ്രശ്നം സങ്കീർണമാക്കിയത്.
മാധ്യമ പ്രവർത്തകർക്കെതിരെ കയ്യേറ്റ ശ്രമം
മുക്കം: സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് മുക്കം നഗരസഭയിലുണ്ടായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകർക്കെതിരെ നഗരസഭാ ജീവനക്കാരുടെ കയ്യേറ്റ ശ്രമം. പ്രശ്നങ്ങൾക്ക് കാരണക്കാരിയായ ബ്ലോക്ക് ടെക്നിക്കൽ അസിസ്റ്റന്റിന്റെ ദൃശ്യം പകർത്താൻ ശ്രമിക്കുന്നതിനിടെ നഗരസഭയിലെ ലൈറ്റുകൾ ഓഫാക്കി മാധ്യമ പ്രവർത്തകരെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയായിരുന്നു. രാഷ്ട്രദീപിക മുക്കം ലേഖകൻ ഫസൽ ബാബു, മാതൃഭൂമി റിപ്പോർട്ടർ രബിത്ത് മാന്പറ്റ, സിടിവി ക്യാമറാമാൻമാരായ ജി.എൻ. ആസാദ്, റഫീഖ് തോട്ടുമുക്കം എന്നിവർക്ക് നേരെയാണ് കയ്യേറ്റ ശ്രമമുണ്ടായത്.