കോട്ടയം: പഠന വൈകല്യ സർട്ടിഫിക്കറ്റ് കിട്ടാൻ നെട്ടോട്ടമോടുകയാണ് രക്ഷിതാക്കൾ. പാവപ്പെട്ട രക്ഷിതാക്കൾ പണിക്കു പോലും പോകാതെയാണ് ജനറൽ ആശുപത്രിയിൽ കാത്തിരിക്കുന്നത്. ദിവസങ്ങളോളം ഓഫീസിൽ കയറിയിറങ്ങിയിട്ടും സർട്ടിഫിക്കറ്റ് കിട്ടാതെ നിരാശരായി മടങ്ങുകയാണ് പലരും.
എസ്എസ്എൽസി പരീക്ഷ തുടങ്ങാൻ ഇനി 13 ദിവസം മാത്രം. മാർച്ച് 13നാണ് പരീക്ഷ ആരംഭിക്കുന്നത്. അതിനു മുന്പായി ഹാജരാക്കേണ്ട സർട്ടിഫിക്കറ്റുകളുടെ വിതരണമാണ് അവതാളത്തിലായത്. പഠന വൈകല്യ സർട്ടിഫിക്കറ്റ് നൽകുന്ന കോട്ടയം ജില്ലയിലെ ഏക സെന്റർ കോട്ടയം ജനറൽ ആശുപത്രിയാണ്.
വിവിധ പരിശോധനകൾ നടത്തി മെഡിക്കൽ ബോർഡിൽ ഹാജരായ കുട്ടികൾക്ക് ഇനിയും സർട്ടിഫിക്കറ്റുകൾ ലഭ്യമായിട്ടില്ല. നൂറുകണക്കിനു രക്ഷിതാക്കളും വിദ്യാർഥികളും ഇപ്പോഴും ജനറൽ ആശുപത്രിയിൽ കാത്തിരിപ്പ് തുടരുകയാണ്. ആശുപത്രിയിൽ എത്തുന്നവരോട് ഓരോ തീയതി പറഞ്ഞ് നീട്ടിക്കൊണ്ടുപോകുകയാണ് മെഡിക്കൽ ബോർഡ്.
രക്ഷിതാക്കൾ ജില്ലാ കളക്ടർക്ക് നൽകിയ പരാതിയെ തുടർന്ന് സർട്ടിഫിക്കറ്റ് നൽകുന്നത് വേഗത്തിലാക്കണമെന്ന നിർദേശം വന്നിട്ടും സർട്ടിഫിക്കറ്റ് വിതരണം വേഗത്തിലായിട്ടില്ല. ഇപ്പോൾ വിതരണം ചെയ്യുന്ന സർട്ടിഫിക്കറ്റുകളിൽ ഐക്യു രേഖപ്പെടുത്താതെ ആപ്ലിക്കേഷൻ റിജക്ട് സർട്ടിഫിക്കറ്റാണ് നൽകുന്നത്.
ഈ സർട്ടിഫിക്കറ്റിനു യാതൊരു മൂല്യവും ഇല്ലാത്തതാണ്. ആശുപത്രിയിൽനിന്നും നൽകുന്ന ഇത്തരം സർട്ടിഫിക്കറ്റുകൾ വിദ്യാഭ്യാസവകുപ്പ് അംഗീകരിക്കുന്നില്ല. വിദ്യാർഥികളും രക്ഷിതാക്കളും വളരെയധികം ബുദ്ധിമുട്ടുകയാണ്.
എന്നാൽ, സർട്ടിഫിക്കറ്റ് വിതരണത്തിന് യാതൊരു കുഴപ്പവുമില്ലെന്നും അപേക്ഷ ലഭിക്കുന്ന മുറയ്ക്കു തന്നെ സർട്ടിഫിക്കറ്റുകൾ നൽകുന്നുണ്ടെന്നും മറിച്ചുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ജനറൽ ആശുപത്രി ഡെപ്യൂട്ടി ഡയറക്ടർ ഡോ. ആർ. ബിന്ദുകുമാരി പറഞ്ഞു.